ഭക്ഷ്യവിഷബാധ ചെറുക്കുന്നതിന്‍റെ ഭാഗമായി മയോണൈസ് നിരോധിച്ച് തെലങ്കാന. മുട്ട ചേര്‍ന്ന മയോണൈസിനാണ് ഒരു വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഹൈദരാബാദില്‍ മോമോസ് കഴിച്ച് ഒരാള്‍ മരിക്കുകയും 15 പേര്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. പച്ചമുട്ട ചേര്‍ത്ത മയോണൈസ് ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും വില്‍ക്കുന്നതും ഒരുവര്‍ഷത്തേക്ക് നിരോധിക്കുകയാണെന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്.
നിരോധനം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ആരോഗ്യസംരക്ഷണത്തിനായി മയോണൈസിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സാന്ഡ്വിച്ചുകള്, മോമോസ്, ഷവര്‍മ, അല്‍ഫാം ചിക്കന്‍ തുടങ്ങി നിരവധി ഭക്ഷണങ്ങള്‍ക്കൊപ്പം മയോണൈസ് നല്‍കി വന്നിരുന്നു. മുട്ടയും എണ്ണയും വിനാഗിരിയിലോ നാരങ്ങയിലോ ചേര്‍ത്താണ് മയോണൈസ് തയ്യാറാക്കുന്നത്.
പച്ചമുട്ട ചേര്‍ത്ത് ഉണ്ടാക്കുന്ന മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്നാണ് നടപടിയെന്നും തെലങ്കാന ഫുഡ് സേഫ്റ്റി കമ്മിഷണര്‍ പറഞ്ഞു. ഒരു ഭക്ഷണം മനുഷ്യന്‍റെ ജീവന് ഭീഷണിയാകുന്നുവെന്ന് കണ്ടാല്‍ പൊതുതാല്‍പര്യാര്‍ഥം അത് നിരോധിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദിലെ കടയില്‍ നിന്നും മോമോസ് കഴിച്ച 31കാരിയാണ് ചൊവ്വാഴ്ച മരിച്ചത്. പിന്നാലെ മറ്റുപലരും ശാരീരിക അവശതകളെ തുടര്‍ന്ന് ചികില്‍സയും തേടി. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഒരേ വിതരണക്കാരനില്‍ നിന്നാണ് വില്‍പ്പനക്കാരെല്ലാം മോമോസും മയോണൈസും എടുത്തതെന്ന് കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഷവര്‍മ കഴിച്ചവര്‍ക്കും സമാന ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.