ബെംഗളൂരുവിൽ സുഹൃത്തുക്കളുമായുള്ള വാതുവെപ്പിനിടെ യുവാവിന് ദാരുണാന്ത്യം. ദീപാവലി രാത്രിയിലാണ് സംഭവം. വാതുവെപ്പിന്‍റെ ഭാഗമായി തിരികൊളുത്തിയ പടക്കങ്ങള്‍ക്ക് മുകളില്‍ ഇരിക്കുകയായിരുന്നു യുവാവ്. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 32 കാരനായ ശബരീഷാണ് മരിച്ചത്.
സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നതിങ്ങനെ... ദീപാവലി രാത്രിയില്‍ ആഘോഷങ്ങളുടെ ഭാഗമായി ശബരീഷും സുഹൃത്തുക്കളും മദ്യപിച്ചിരുന്നു. ഈ ലഹരിയുടെ പുറത്താണ് പടക്കം പൊട്ടിക്കാന്‍ പുറത്തിറങ്ങുന്നതും പന്തയം വയ്ക്കുന്നതും. ശക്തിയേറിയ പടക്കങ്ങളായിരുന്നു ദീപാവലി ആഘോഷിക്കാന്‍ ഇവര്‍ വാങ്ങിയിരുന്നത്. പടക്കങ്ങള്‍ സൂക്ഷിച്ച കാർഡ്ബോർഡ് പെട്ടിയിൽ ഇരിക്കാൻ കഴിയുന്നവർക്ക് പുതിയ ഓട്ടോറിക്ഷ ലഭിക്കുമെന്നായിരുന്നു പന്തയം.
ശബരീഷ് പെട്ടിക്കുമുകളില്‍ ഇരിക്കുന്നതും സുഹൃത്തുക്കൾ യുവാവിനെ വളയുന്നതും സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരിലൊരാളാണ് പടക്കത്തിന് തിരികൊളുത്തുന്നത്. പിന്നാലെ എല്ലാവരും സുരക്ഷിതമായ അകലം പാലിച്ച് മാറിനിന്നു. അപ്പോളും ശബരീഷ് പടക്കങ്ങള്‍ക്ക് മുകളില്‍ തന്നെ ഇരിക്കുകയായിരുന്നു. പിന്നാലെ വലിയ ശബ്ദത്തോടെ ഇവ പൊട്ടിത്തെറിക്കുകയും അന്തരീക്ഷം കനത്ത പുകയില്‍ മൂടുകയും ചെയ്തു. പിന്നാലെയെത്തിയ സുഹൃത്തുക്കൾ കാണുന്നത് റോഡില്‍ ബോധമില്ലാതെ കിടക്കുന്ന ശബരീഷിനെയാണ്. സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ ശബരീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ട ആറ് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത് ബെംഗളൂരു) ലോകേഷ് ജഗലസർ പറഞ്ഞു.