lady-attack

ബെംഗളൂരു നഗരത്തില്‍ വച്ച് തനിക്ക് നേരിട്ട ലൈംഗികാതിക്രമം വിവരിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍. പത്തുവയസ് മാത്രം പ്രായം വരുന്ന ആണ്‍കുട്ടിയില്‍ നിന്നാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് പെണ്‍കുട്ടി പറയുന്നു. ബിടിഎം ലേഔട്ടിലൂടെ വിഡിയോ എടുത്ത് നടന്ന് നീങ്ങുന്നതിനിടെ സൈക്കിളിലെത്തിയ ആണ്‍കുട്ടി ഹായ് പറഞ്ഞ് അഭിവാദനം ചെയ്തു, പിന്നാലെ മാറിടത്തില്‍ കയറിപ്പിടിച്ച ശേഷം പാഞ്ഞുപോയി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാനാവാതെ താന്‍ നടുങ്ങി വിറച്ച് നിന്നുവെന്ന് യുവതി വിഡിയോയില്‍ വിവരിച്ചത്. 

പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ബെംഗളൂരു നഗരത്തില്‍ പോലും ഇതാണ് അവസ്ഥയെങ്കില്‍ സ്ത്രീകള്‍ എങ്ങനെ പുറത്തിറങ്ങി നടക്കുമെന്ന് അവര്‍ ചോദിക്കുന്നു. ആണ്‍കുട്ടി കടന്നു പിടിച്ചതിന്‍റെ അടയാളങ്ങള്‍ താന്‍ ധരിച്ച ടോപ്പിലുള്ളതും അവര്‍ വിഡിയോയില്‍ കാണിക്കുന്നുണ്ട്.  സൈക്കിളില്‍ കടന്നു കളഞ്ഞ ആണ്‍കുട്ടിയെ തിരയാന്‍ അവിടെ ഉണ്ടായിരുന്നവര്‍ തന്നെ സഹായിച്ചതായും യുവതി പറയുന്നു. 

നടുക്കം മാറുന്നില്ലെന്നാണ് യുവതിയുടെ വിഡിയോയ്ക്ക് ചുവടെ ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്. പലരും പിന്തുണ അറിയിക്കുമ്പോള്‍ യുവതിയുടേത് നാടകമാണെന്നും പത്തുവയസുകാരന്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതാന്‍ വയ്യെന്നും ചിലര്‍ കുറിക്കുന്നു.  ഇത്തരം സന്ദര്‍ഭങ്ങളില്‍ നാട്ടുകാരും പരിസരത്തുള്ളവരും സഹായിക്കണമെന്നും പൊലീസെത്തുമ്പോഴേക്കും അക്രമികള്‍ കടന്നുകളയുന്നത് തടയണമെന്നും മറ്റുചിലരും കുറിച്ചു. 

അതേസമയം, തന്നോട് അതിക്രമം കാണിച്ച ആണ്‍കുട്ടിക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് കേസുകളിലേക്കും മറ്റും കുട്ടിയെ വലിച്ചിഴയ്ക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും മേലില്‍ ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണം നല്‍കണമെന്നും യുവതി വ്യക്തമാക്കുന്നു. ബെംഗളൂരു പൊലീസിന്‍റെ ഭാഗത്ത് നിന്നും തനിക്ക് വലിയ സഹായമാണ് ഉണ്ടായതെന്നും അക്രമിയായ ആണ്‍കുട്ടിയെ ഉടനടി അവര്‍ പിടികൂടിയെന്നും അവര്‍ പറഞ്ഞു. 

പത്തുവയസുകാരന്‍ തന്നെയാണ് ലൈംഗികാതിക്രമം നടത്തിയതെന്നും സൈക്കിളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി വരുന്ന വഴിയാണ് ആണ്‍കുട്ടി യുവതിയോട് അപമര്യാദയായി പെരുമാറിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ ഭാവിയെ കരുതി കേസ് റജിസ്റ്റര്‍ ചെയ്യേണ്ടെന്നാണ് യുവതി പറഞ്ഞതെങ്കിലും മാതൃകാപരമായ ശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്ന് ഡിസിപി അറിയിച്ചു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

An Instagram user, has reported facing sexual harassment in BTM Layout, Bengaluru. She claims that while she was walking down the street, a boy on a bicycle approached her, greeted her with a ‘hi,’ and then inappropriately touched her before quickly fleeing the scene