രാജസ്ഥാനിലെ രണ്‍തംബോര്‍ ദേശീയോദ്യാനത്തില്‍ നിന്നും ഒരു വര്‍ഷത്തിനിടെ 25 കടുവകളെ കാണാതായെന്ന് റിപ്പോര്‍ട്ട്. ആകെ 75 കടുവകളാണ് പാര്‍ക്കില്‍ ഉണ്ടായിരുന്നത്. നടുക്കുന്ന കണക്കാണിതെന്ന് സ്ഥിരീകരിച്ച രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഒരുവര്‍ഷം ഇത്രയധികം കടുവകളെ കാണാതായതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2019 നും 2022നും ഇടയില്‍ 13 കടുവകളെയും കാണാതായിട്ടുണ്ട്.
ഈ കടുവകള്‍ എവിടേക്ക് പോകുന്നുവെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ വന്യജീവി വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചു. കടുവകളെ സംരക്ഷിക്കുന്നതില്‍ പാര്‍ക്ക് അധികൃതര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചോയെന്നും സമിതി പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. മെയ് 17ന് കാണാതായ 14 കടുവകളെ സെപ്റ്റംബര്‍ 30 ആയിട്ടും പാര്‍ക്കിനുള്ളില്‍ എവിടെയും കണ്ടെത്താനായിരുന്നില്ല. രണ്‍തംബോറില്‍ നിന്ന് അടിക്കടി ഇങ്ങനെ കടുവകളെ കാണാതാകുന്നത് ദുരൂഹതയുണ്ടാക്കുന്നതാണെന്ന് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. കടുവകളെ കാണാതാകുന്നത് സംബന്ധിച്ച് പാര്‍ക്ക് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവര്‍ കാര്യമാക്കിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
കടുവകളെ നിരീക്ഷിക്കുന്നതില്‍ വന്‍ വീഴ്ചയാണ് വന്നിരിക്കുന്നതെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ പ്രഥമിക വിലയിരുത്തല്‍. ഇത് പരിഹരിക്കുമെന്നും ആഴ്ചകളില്‍ തന്നെ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കാമറകളില്‍ പോലും കടുവകളുടെ സാന്നിധ്യം കണ്ടെത്താനാവാത്തത് പാര്‍ക്കിന്‍റെ നടത്തിപ്പിനെ കുറിച്ച് ചോദ്യമുയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം 75 കടുവകള്‍ക്ക് കഴിയാനുള്ള സ്ഥലം രണ്‍തംബോറിലെ പാര്‍ക്കില്‍ ഇല്ലെന്നും അതിനാല്‍ കടുവകള്‍ പുതിയ കാടുകള്‍ തേടി പോയിട്ടുണ്ടാകാമെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. പ്രായപൂര്‍ത്തിയായ 40 കടുവകള്‍ക്ക് മാത്രമേ രണ്‍തംബോറിലെ പാര്‍ക്കില്‍ കഴിയാന്‍ സാധിക്കുകയുള്ളൂവെന്ന വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനവും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. 900 ചതുരശ്ര കിലോമീറ്ററാണ് രണ്‍തംബോര്‍ പാര്‍ക്കിന്‍റെ വിസ്തൃതി.