ആംബുലന്‍സ് എഞ്ചിന് തീപിടിച്ചതിനു പിന്നാലെ തീഗോളമായി ഓക്സിജന്‍ സിലിണ്ടര്‍. ആംബുലന്‍സിലുണ്ടായിരുന്ന ഗര്‍ഭിണിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മഹാരാഷ്ട്രയിലെ ജാല്‍ഗണ്‍ ജില്ലയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. ആംബുലന്‍സ് എഞ്ചിനില്‍ തീപിച്ചതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി മാറുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ആംബുലന്‍സിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീഗോളമായി. ഇതു കണ്ട് നിന്നിടത്തുനിന്നും ഓടിമാറുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആംബുലന്‍സ് നിന്നുകത്തുന്നതും പിന്നാലെ വലിയൊരു തീഗോളം മുകളിലേക്ക് ഉയരുന്നതും വിഡിയോയിലുണ്ട്. അത്യുഗ്രസ്ഫോടനത്തില്‍ സമീപമേഖലയിലെ വീടുകളുടെ ജനലുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. എഞ്ചിനില്‍ നിന്നും പുക ഉയരുന്നതു കണ്ട ഡ്രൈവറാണ് എല്ലാവരോടും രക്ഷപ്പെടാനായി പറഞ്ഞത്. അധികം വൈകാതെ തന്നെ ആംബുലന്‍സിലേക്ക് തീപടര്‍ന്ന് പൂര്‍ണമായും കത്തി. പിന്നാലെയാണ് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടി ഉഗ്രസ്ഫോടനമുണ്ടായത്.
ഇറാന്തോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ജാല്‍ഗണ്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഗര്‍ഭിണിയും കുടുംബവും സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ദാദാവാദി മേഖലയിലെ ദേശീയപാതാ ഫ്ലൈഓവറില്‍ വച്ചാണ് വാഹനത്തിനു തീപിടിച്ചത്.