• പാലക്കാടന്‍ വോട്ടില്‍ മേല്‍ക്കൈ ആര്‍ക്ക്?
  • ‘ജനപ്രിയ’ങ്കരിയാകുമോ പ്രിയങ്ക?
  • ചേലക്കര ആരുടെ കര?

വീറും വാശിയും നിറഞ്ഞുനിന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെയും മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണും. 9 മണിയോടെ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. പതിനാല് ടേബിളുകളിലാണ് വോട്ടെണ്ണല്‍. ഒരു ടേബിളില്‍ 50 ബാലറ്റുകളെന്ന രീതിയില്‍ ക്രമീകരിച്ചായിരിക്കും എണ്ണുക.

പാലക്കാട്ട് 70.51 ശതമാനമായിരുന്നു പോളിങ്. ആകെ പോള്‍ ചെയ്ത വോട്ട് 1,37,302. മണ്ഡലത്തില്‍ ആകെ 184 ബൂത്തുകളുണ്ട്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍. സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടം നടന്നത് പാലക്കാട്ടാണ്. ഷാഫി പറമ്പില്‍ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫില്‍ ഷാഫിയുടെ പകരക്കാരാനാകാന്‍ മല്‍സരിക്കുന്നത്. വിവാദങ്ങള്‍ ഒന്നൊന്നായി പൊട്ടിയിറങ്ങിയ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിനും ബിജെപിക്കും ഒരുപോലെ അഭിമാനപ്രശ്നമാണ്. കോണ്‍ഗ്രസില്‍ നിന്നെത്തിയ പി.സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മുന്‍ നഗരസഭാധ്യക്ഷന്‍ സി.കൃഷ്ണകുമാറിന്‍റെ ജനപ്രീതിയിലാണ് ബിജെപിയുടെ പ്രതീക്ഷ.

2,13,103 വോട്ടര്‍മാരുള്ള ചേലക്കരയില്‍ 1,55,077 പേര്‍ ഇക്കുറി വോട്ട് ചെയ്തു. ഇതില്‍ 1418 എണ്ണം തപാല്‍ വോട്ടുകളാണ്. ചെറുതുരുത്തി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍. മുന്‍മന്ത്രി കെ.രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ രാധാകൃഷ്ണന്‍റെ പകരക്കാനാകാന്‍ ഇടതുമുന്നണി യു.ആര്‍.പ്രദീപിനെ രംഗത്തിറക്കിയപ്പോള്‍ മുന്‍ എംപി രമ്യ ഹരിദാസിനെ കളത്തിലിറക്കിയാണ് യുഡിഎഫിന്‍റെ പോരാട്ടം. ബിജെപിക്കുവേണ്ടി കെ.രാധാകൃഷ്ണനും ഭാഗ്യം പരീക്ഷിക്കുന്നു.

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റമാണ് വയനാട്ടില്‍ നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ജയിച്ചെങ്കിലും റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലം ഒഴിയുമ്പോള്‍ത്തന്നെ പ്രിയങ്കയാകും സ്ഥാനാര്‍ഥി എന്ന് ഉറപ്പായിരുന്നു. സിപിഐയിലെ സത്യന്‍ മൊകേരിയാണ് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കയ്​ക്കെതിരെ എല്‍ഡിഎഫില്‍ നിന്ന് മല്‍സരിച്ചത്. ബിജെപി യുവനേതാവ് നവ്യ ഹരിദാസിനെയും രംഗത്തിറക്കി. പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞത് ഭൂരിപക്ഷം സംബന്ധിച്ച യുഡിഎഫ് അവകാശവാദങ്ങളെ ബാധിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The vote counting for the Palakkad, Chelakkara, and Wayanad by-elections, along with the Maharashtra and Jharkhand assembly elections, begins today at 8 AM, with results expected by 9 AM. In Palakkad, a high-stakes contest follows Shafi Parambil's election to the Lok Sabha, with UDF's Rahul Mamkootathil, LDF's P. Sarin, and BJP's C. Krishnakumar vying for victory. Chelakkara sees UDF's Ramya Haridas, LDF's U.R. Pradeep, and BJP's K. Radhakrishnan competing after K. Radhakrishnan's Lok Sabha win. In Wayanad, Priyanka Gandhi makes her electoral debut against LDF's Sathyan Mokeri and BJP's Navya Haridas, in a by-election triggered by Rahul Gandhi retaining Rae Bareli.