ചെന്നൈയില്‍ ഡോക്ടറെ ഗുരതരമായി കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം നടന്നുപോകുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നു. അമ്മയുടെ അര്‍ബുദരോഗം ഭേദമായില്ലെന്ന കാരണം പറഞ്ഞാണ് 25കാരനായ വിഘ്നേഷ് ഡോക്ടറെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കലൈഞ്ജര്‍ സ്മാരക ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ബാലാജിക്കാണ് കുത്തേറ്റത്.
രോഗിയെന്നു പറഞ്ഞെത്തുകയും ഡോക്ടര്‍ ബാലാജിയുടെ ശരീരത്തില്‍ ഏഴുതവണ കുത്തുകയും ചെയ്ത ശേഷം വളരെ കൂളായി ഒന്നും സംഭവിക്കാത്ത മട്ടിലാണ് പ്രതി ആശുപത്രി വരാന്തയിലൂടെ നടന്നുപോകുന്നത്. പിന്നാലെചെന്ന സുരക്ഷാ ജീവനക്കാര്‍ പിന്നീട് വിഘ്നേഷിനെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
ഡോക്ടറുടെ കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. പിടികൂടിയ ശേഷം പ്രതിയെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഡോക്ടർ ബാലാജി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിഘ്നേഷിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഘ്നേഷിന്റെ അമ്മ ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടര്‍ ബാലാജിയുടെ അശ്രദ്ധ കാരണമാണ് അമ്മയുടെ രോഗം ഭേദമാകാത്തതെന്ന് പറഞ്ഞാണ് പ്രതി ആക്രമണം നടത്തിയത്.