അമിത വേഗതയും അശ്രദ്ധയും മൂലം രാജ്യത്തെ റോഡുകളില്‍ പൊലിയുന്നത് നൂറുകണക്കിന് ജീവനുകളാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഒരുപാര്‍ട്ടിക്ക് ശേഷമുള്ള അര്‍ധരാത്രിയിലെ റൈഡില്‍ ജീവന്‍ നഷ്ടമായത് ആറ് ചെറുപ്പക്കാര്‍ക്കാണ്.
ഒരു കാര്‍ വാങ്ങിയതിന്‍റെ പാര്‍ട്ടി. ദൃശ്യങ്ങളിലുള്ളത് ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും ഏഴ് ചെറുപ്പക്കാര്‍. പ്രായം 19നും 24നും ഇടയില്‍. കുനാല്‍, റിഷഭ്, അതുല്‍, കാമാക്ഷി, നവ്യ, ഗുണീത്, സിദ്ദേഷ്. ഇന്ന് സിദ്ദേഷ് ഒഴികെ ആരും ജീവനോടെയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആട്ടവും പാട്ടും സംഗീതവും മദ്യവുമായി ഉറ്റ സുഹൃത്തുക്കളുടെ ആഘോഷം.
രാത്രി ഒരുമണിയോടെ റൈഡിന് പോകുന്നു. കാറിന്‍റെ വേഗത 100 കിലോമീറ്ററിലേറെ. മറ്റൊരു കാറുമായി മല്‍സരയോട്ടമായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചെറുപ്പക്കാര്‍ സഞ്ചരിച്ച കാര്‍ കണ്ടെയ്നര്‍ ലോറിയുടെ പിന്നിലിടിച്ച് നിയന്ത്രണം വിട്ടു. പിന്നെ വഴിയരികിലെ മരത്തിലിടിച്ച് നിന്നു. ആറുപേര്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ റോഡില്‍ ചിന്നിച്ചിതറി.
ആരെയും ഭയപ്പെടുത്തുന്ന കാഴ്ച. ജീവിതം ആഘോഷിക്കേണ്ടതാണ്. നാളെയെന്ന ഒരുദിവസം ഇല്ലെന്ന് തീര്‍ച്ചയാക്കി തന്നെ ആഘോഷിക്കണം. എന്നാല്‍ അശ്രദ്ധയും ചില ദുര്‍വാശികളും കുടുംബങ്ങള്‍ക്കും സമൂഹത്തിനും രാജ്യത്തിനുമുണ്ടാക്കുന്ന തീരാക്കണ്ണീര്‍ക്കൂടിയാണ് ഇത്തരം അപകടങ്ങള്‍. വാഹനമോടിച്ചയാള്‍ മദ്യപിച്ചിരുന്നോ എന്ന കാര്യത്തിലടക്കം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.