മരിച്ചെന്നു കരുതി സംസ്കരിച്ച വ്യക്തി മരണാന്തര പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കിടെ തിരിച്ചെത്തി. ഗുജറാത്തിലെ മെഹ്സാനയിലാണ് സംഭവം. കഴിഞ്ഞ ഒക്ടോബര്‍ 27നാണ് നരോദയില്‍ നിന്നും 43കാരനായ ബ്രിജേഷ് സുതാറിനെ കാണാതായത്. കുടുംബം ഇയാള്‍ പോവാനിടയുള്ളിടത്തെല്ലാം അന്വേഷിച്ചു നടന്നെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ബ്രിജേഷിനെ കാണാതായെന്നു കാണിച്ച് കുടുംബം പൊലീസില്‍ പരാതിയും നല്‍കി.
സുതാറിനെ കാണാതായി രണ്ടാഴ്ച കഴിഞ്ഞ് നവംബര്‍ 10ന് സബര്‍മതി പാലത്തിനു സമീപത്തുനിന്നും ഒരു മൃതദേഹം കണ്ടെത്തി. പരാതി നിലനില്‍ക്കുന്നതിനാല്‍ പൊലീസ് കുടുംബത്തെ വിളിപ്പിച്ച് മൃതദേഹം തിരിച്ചറിയാനുള്ള നടപടികളാരംഭിച്ചു. പിന്നാലെ അഴുകിത്തുടങ്ങിയ മൃതദേഹത്തിലെ ചില സാമ്യതകള്‍ കണക്കാക്കി മരിച്ചത് ബ്രിജേഷ് തന്നെയെന്ന് കുടുംബവും ഉറപ്പിച്ചു. മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കി.
മതാചാരപ്രകാരം കുടുംബം ബ്രിജേഷിന്റെ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ചയായിരുന്നു മരണാനന്തര ചടങ്ങ് നടന്നത്. ബ്രിജേഷിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനുള്ള പ്രാര്ത്ഥനാച്ചടങ്ങ് പുരോഗമിക്കുന്നതിനിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പരേതന്റ വരവ്. മരിച്ചെന്നു കരുതിയ ബ്രിജേഷ് ഇതാ മുന്‍പില്‍. ഇതോടെ കുടുംബത്തിനു സന്തോഷമായെങ്കിലും പുലിവാല് പിടിച്ചത് പൊലീസ് ആണ്. പാലത്തിനു സമീപത്തു നിന്നും കിട്ടിയ ആ മൃതദേഹം ബ്രിജേഷ് അല്ലെങ്കില്‍ പിന്നെയാര് എന്നാലോചിച്ച് തലപുകയ്ക്കുകയാണ് പൊലീസ്.
സാമ്പത്തിക വിഷയങ്ങള്‍ അലട്ടുമ്പോള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്ന വ്യക്തിയാണ് ബ്രിജേഷ് എന്നാണ് കുടുംബം ഇപ്പോള്‍ പറയുന്നത്.