മണിപ്പുരിൽ സംഘർഷം വ്യാപിക്കുന്നതിനിടെ മനുഷ്യമനസാക്ഷിക്ക് താങ്ങാനാവാത്ത കാഴ്ചകളാണ് മണിപ്പൂരില്‍ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഒരു കൈക്കുഞ്ഞുള്‍പ്പടെ കാണാതായ ഒരു കുടുംബത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ആ ചിത്രത്തില്‍ ഏവരെയും വേദനിപ്പിച്ചത് രണ്ടുവയസുകാരന്റെയും ഒരു കൈക്കുഞ്ഞിന്റെയും ചിത്രമായിരുന്നു. ഇപ്പോഴിതാ തലയില്ലാത്ത നിലയില്‍ ആ കുഞ്ഞുദേഹത്തിലൊന്ന് കണ്ടെത്തിയിരിക്കുകയാണ്. മെയതെയ് വിഭാഗത്തില്‍പ്പെട്ടവരാണ് ഈ കുടുംബം. തിങ്കളാഴ്ചയാണ് ഇവരെ കുക്കിവിഭാഗം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് വന്നത്.
ജിരിബാം സ്വദേശിയായ ഹെരോജിയ് കുടുംബത്തിന്റെ ദുരന്തവാര്‍ത്ത സ്ഥിരീകരിച്ചു. തന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും ഭാര്യാസഹോദരിയെയും അമ്മായിഅമ്മയെയും വധിച്ചതായി ഇയാള്‍ പറയുന്നു. ജിരിബാമിലെ പുഴയില്‍ നിന്നാണ് തലയില്ലാത്ത നിലയില്‍ രണ്ടുവയസുകാരന്റെയും മുത്തശ്ശിയുടെയും മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിന്റെ കൈകളും വെട്ടിമാറ്റപ്പെട്ട നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പുഴയുടെ കരക്കരുകിലായി കിടന്ന മരക്കഷ്ണങ്ങള്‍ക്കിടെയില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. അര്‍ധനഗ്നമായ നിലയിലാണ് മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തിയത്.
അതിനിടെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാർ ഇടപെടൽ ഉടൻ ഉണ്ടാകുമെന്ന് സൂചന. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി. പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്. മണിപ്പുര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അമിത് ഷാ അടിയന്തര യോഗം വിളിച്ചു.
മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ ഇരച്ചു കയറാന്‍ ശ്രമിക്കുകയും ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മണിപ്പുര്‍ വിഷയം അടിയന്തരമായി പരിഗണിക്കുന്നത്. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും കഴിഞ്ഞ ദിവസം വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കുമാണ് തീയിട്ടത്. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി , ഇഎഫ്സിഐ പള്ളി എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.