ലക്നൗവിലെ ചൗധരി ചരൺ സിങ് രാജ്യാന്തര വിമാനത്താവളത്തില്‍ ബാഗേജില്‍ ജീവനില്ലാത്ത ഭ്രൂണം കണ്ടെത്തി. വിമാനത്താവളത്തിലെ കാർഗോ ബേ അധികൃതരാണ് പാഴ്‌സല്‍ പരിശോധിക്കുന്നതിനിടയില്‍ ഏഴുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്. കാര്‍ഗോ അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് ഇതുസംന്ധിച്ച് പരിശോധന നടത്തി.
മുംബൈ ആസ്ഥാനമായുള്ള ലബോറട്ടറിയിലേക്ക് ലക്നൗവിലെ ഒരു ഐവിഎഫ് കേന്ദ്രമാണ് ഭ്രൂണം അയച്ചത്. ഇത് കൊറിയർ കമ്പനിയുടെ ഭാഗത്തുനിന്നുള്ള പിഴവണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐവിഎഫ് കേന്ദ്രം കൊറിയർ കമ്പനിക്ക് ഭ്രൂണം കൈമാറുമ്പോള്‍ ഭ്രൂണത്തിന്‍റെ സാന്നിധ്യം ഐവിഎഫ് കേന്ദ്രം വെളിപ്പെടുത്തിയിരുന്നില്ല. വേഗത്തിലുള്ള ഡെലിവറിക്കായി പാക്കേജ് കൊറിയർ കമ്പനി കാർഗോ ബേയിലേക്ക് അയയ്ക്കുകയായിരുന്നു. പാര്‍സല്‍ കാർഗോ ബേയിൽ സ്കാൻ ചെയ്തപ്പോളാണ് ഭ്രൂണം കണ്ടെത്തുന്നത്.
ലക്നൗവിലെ ഐവിഎഫ് സെന്‍ററില്‍ ചികില്‍സയ്ക്ക് വിധേയരായ ദമ്പതികളുടെ ഭ്രൂണമാണ് വിമാനത്താവളത്തിലെത്തിയത്. ഐവിഎഫ് ചികില്‍സ വിജയിക്കാത്തതിന്‍റെ കാരണമറിയാന്‍ ഭ്രൂണം പരിശോധനയ്ക്കായി മുംബൈയിലേക്ക് അയക്കുകയായിരുന്നു. റോഡ് മാർഗമാണ് മുംബൈയിലേക്ക് അയച്ചതെങ്കിലും അബദ്ധത്തിൽ വിമാനത്താവളത്തിലെത്തുകയായിരുന്നുവെന്ന് പൊലീസ് പിടിഐയോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ, ഇതൊരു ക്രിമിനൽ കുറ്റമല്ലെന്നും കൊറിയർ കമ്പനിയുടെ ഭാഗത്തുനിന്നാണ് പിഴവ് സംഭവിച്ചതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഭ്രൂണം തിരിച്ച് കൊറിയര്‍ കമ്പനിക്ക് കൈമാറിയതായി സരോജിനി നഗർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജ്ദേവ് റാം പ്രജാപതി പിടിഐയോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടില്ല.