Train-shornur

റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഹെഡ്‌ഫോണിൽ പാട്ട് കേട്ടിരുന്ന 17 വയസ്സുകാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് അപകടമുണ്ടായത്. അമേഠിയിലെ ത്രിസുണ്ടി ഗ്രാമത്തിൽ താമസിക്കുന്ന ഋതിക് വർമയാണ് മരിച്ചത്. അയോധ്യ-പ്രയാഗ്‌രാജ് റെയിൽവേ ട്രാക്കിലാണ് സംഭവം.

ചൊവ്വാഴ്ച പ്രതാപ്ഗഡിലെ അമ്മായിയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങവേ ലാലിപൂരിനടുത്തുള്ള കുടുംബത്തിന്‍റെ കൃഷിയിടം പരിശോധിക്കാൻ എത്തിയതായിരുന്നു യുവാവ്. ഇതിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഇരുന്ന് ഹെഡ്‌ഫോൺ ഉപയോഗിച്ച് പാട്ടുകേള്‍ക്കുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വന്നത് യുവാവ് അറിഞ്ഞില്ല. പാസഞ്ചർ ട്രെയിന്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് അമേഠി അഡീഷണൽ എസ്പി ഹരേന്ദ്ര കുമാർ പറഞ്ഞു.

അപകടത്തിന് പിന്നാലെ ലോക്കോപൈലറ്റാണ് സംഭവം കൊഹന്ദൗർ സ്‌റ്റേഷൻ സൂപ്രണ്ടിനെ അറിയിക്കുന്നത്. തുടർന്ന് പോലീസിലറിയിക്കുകയും ചെയ്തു. ഗ്രാമത്തലവനാണ് മരിച്ചയാളെ തിരിച്ചറിഞ്ഞ് വീട്ടില്‍ വിവരം അറിയിച്ചത്. ഋതിക്കിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമത്തില്‍ താമസിക്കുന്ന രജത് വർമയുടെയും ശിവകുമാരിയുടെയും രണ്ട് ആൺമക്കളിൽ ഇളയവനാണ് ഋതിക്. പരാതി ലഭിച്ചാല്‍ സംഭവത്തില്‍ തുടർനടപടി സ്വീകരിക്കുമെന്ന് രാംഗഞ്ച് എസ്എച്ച്ഒ അജയേന്ദ്ര പട്ടേൽ പറഞ്ഞു. അപകട സ്ഥലത്തു നിന്ന് യുവാവ് ഉപയോഗിച്ച ഇയർബഡുകളും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

A 17-year-old boy listening to music on mobile headphones while sitting on the railway tracks was killed by a train. The accident occurred on Tuesday night in Amethi, Uttar Pradesh. The deceased, Hrithik Verma, was a resident of Trisundi village in Amethi. The incident took place on the Ayodhya-Prayagraj railway tracks.