ഇന്ത്യയില്‍ ഫിന്‍ടെക് കമ്പനികളുടെ വരവോടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി, ടാക്സി സേവനങ്ങളുടെ ഭാഗമായി ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊതുവെ കുറഞ്ഞ വരുമാനമാണ് ഇത്തരം ജോലികള്‍ക്ക് ലഭിക്കുന്നതെന്ന് പല തൊഴിലാളികളും പരാതിപ്പെടാറുണ്ട്.
എന്നാല്‍ ഞെട്ടിക്കുന്ന ചില വരുമാന കണക്കുകളും ഈ മേഖലയില്‍ നിന്നുവരാറുണ്ട്. കോര്‍പ്പറേറ്റ് ജോലിക്കാരെ പോലും അതിശയിപ്പിക്കുന്ന വരുമാനമാണ് ബെംഗളൂരുവിലെ യൂബര്‍ ബൈക്ക് റൈഡര്‍ വെളിപ്പെടുത്തുന്നത്.
കര്‍ണാടക പോര്‍ട്ഫോളിയോ എന്ന എക്സ് അക്കൗണ്ടില്‍ വന്ന വിഡിയോയിലാണ് വരുമാന കണക്കുള്ളത്. ദിവസം 13 മണിക്കൂര്‍ വണ്ടിയോടിച്ചാല്‍ മാസം 80,000– 85,000 രൂപ വരെ സമ്പാദിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് വിഡിയോയില്‍ യുവാവ് പറയുന്നത്.
വിഡിയോ ഷൂട്ട് ചെയ്യുന്ന വ്യക്തി തനിക്ക് ഇത്രയും ശമ്പളമില്ലെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ഡിസംബര്‍ നാലിന് പോസ്റ്റ് ചെയ്ത വിഡിയോയില്‍ 6.85 ലക്ഷം പേരാണ് വിഡിയോ കണ്ടത്.
ഈ വരുമാന കണക്കിനെ കയ്യടിച്ചും സംശയത്തോടെയും കാണുന്നവര്‍ ഒട്ടേറെയുണ്ട്. 26-ാം വയസിലും ഒന്നും ചെയ്യാതിരിക്കുന്നവര്‍ ലൈസന്‍സെടുക്കുന്നതിനെ കുറിച്ചും ബൈക്ക് വാങ്ങുന്നതിനെ പറ്റിയും ചിന്തിക്കണമെന്നാണ് ഒരു കമന്‍റ്. ദിവസം അഞ്ച് മണിക്കൂര്‍ കൊണ്ട് പാനിപൂരിക്കാരന്‍ 3,000-4,000 രൂപ വരെ ഉണ്ടാക്കുന്നു എന്നാണ് മറ്റൊരു കമന്‍റ്. പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയും ഈ വിഡിയോ ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ പുതുതലമുറ ടെക് കമ്പനികള്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ്. മികച്ച വരുമാനമുണ്ടാക്കുന്ന ഈ ജോലികള്‍ പ്രാദേശിക സമ്പദ്‍വ്യവസ്ഥയ്ക്ക് കരുത്താകുന്നു എന്നാണ് അദ്ദേഹം എക്സില്‍ എഴുതിയത്. ഗിഗ് തൊഴിലാളി എന്നതിന് പകരം ഇവരെ ഇന്ത്യന്‍ ഡിജിറ്റല്‍ തൊഴിലാളികള്‍ എന്ന് വിളിക്കണം എന്നും വിജയ് ശേഖര്‍ ശര്‍മ പറയുന്നു.
എന്നാല്‍ ഈ വരുമാനകണക്കിനെ എതിര്‍ക്കുന്നവരും കുറവല്ല. 15,000 രൂപയ്ക്ക് മുകളില്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് എക്സില്‍ വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്‍റ്. മാസം 80,00 രൂപ എന്നാല്‍ മണിക്കൂറില്‍ 205 രൂപ. കിലോ മീറ്ററിന് എട്ട് രൂപ കിട്ടിയാല്‍ മണിക്കൂറില്‍ ഓടുന്നത് 26 കിലോ മീറ്റര്‍. പ്ലാറ്റിന ബൈക്കില്‍ 70 കിലോ മീറ്റര്‍ മൈലേജ് കണക്കാക്കിയാല്‍ 30 ദിവസം ഓടിയാലും (26*13*30) 13615 രൂപയെ ലഭിക്കൂ എന്നാണ് മറ്റൊരു കമന്‍റ്.