ഗുജറാത്തില്‍ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ജോലിക്ക് താന്‍ യോഗ്യനല്ലെന്ന് വരുത്താൻ നാല് വിരലുകൾ മുറിച്ചുമാറ്റി യുവാവ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. താന്‍ റോഡരികില്‍ ബോധരഹിതനായി വീണെന്നും ബോധം തെളിഞ്ഞപ്പോള്‍ കയ്യിലെ വിരലുകള്‍ നഷ്ടപ്പെട്ടു എന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലാണ് വിരലുകള്‍ യുവാവ് തന്നെ മുറിച്ചുമാറ്റിയതാണെന്ന് പൊലീസ് കണ്ടെത്തിയത്.
മയൂർ എന്ന യുവാവാണ് സ്വന്തം വിരലുകള്‍ മുറിച്ചുമാറ്റിയത്. വരാച്ച മിനി ബസാറിൽ സ്ഥിതി ചെയ്യുന്ന തന്‍റെ ബന്ധുവിന്‍റെ ഡയമണ്ട് സ്ഥാപനത്തിൽ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ബന്ധുവിനോട് പറയാൻ ധൈര്യമില്ലാത്തതിനാല്‍ യുവാവ് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് ഈ സ്ഥാപനത്തില്‍ തന്നെ അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെൻ്റിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്.
ഡിസംബർ എട്ടിന് ബൈക്കില്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുംവഴി തലകറക്കം അനുഭവപ്പെട്ടെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. 10 മിനിറ്റിനുശേഷം ബോധം തിരിച്ചുകിട്ടിയപ്പോൾ ഇടതുകൈയിലെ നാല് വിരലുകളും ആരോ വെട്ടിമാറ്റിയതായും ഇയാള്‍ പറഞ്ഞു. മന്ത്രവാദത്തിനായി കൈവിരലുകൾ മുറിച്ച് കൊണ്ടു പോയതാകാമെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങളാണ് യുവാവിനെ കുടുക്കിയത്. സിംഗൻപൂരിലെ ചാർ റസ്തയ്ക്ക് സമീപമുള്ള കടയിൽ നിന്ന് മൂർച്ചയുള്ള കത്തി വാങ്ങിയെന്ന് താരാപറ സമ്മതിച്ചു. നാല് ദിവസത്തിന് ശേഷം ഞായറാഴ്ച രാത്രി അമ്രോളി റിങ് റോഡിലെത്തി യുവാവ് ബൈക്ക് അവിടെ പാർക്ക് ചെയ്തു. രാത്രി 10 മണിയോടെ കത്തി ഉപയോഗിച്ച് നാല് വിരലുകൾ മുറിക്കുകയായിരുന്നു. രക്തയോട്ടം തടയാൻ കൈമുട്ടില്‍ കയർ കെട്ടിയ ശേഷം കത്തിയും വിരലുകളും ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. സുഹൃത്തുക്കളാണ് യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്.