ഇങ്ങനെയും ഉണ്ടോ മനുഷ്യര്‍ എന്നു ചിന്തിച്ചുപോകുന്ന തരത്തിലൊരു വാര്‍ത്തയാണ് ഗുജറാത്തിലെ സൂററ്റില്‍ നിന്നും വരുന്നത്. ചെയ്യുന്ന ജോലിക്ക് താന്‍ പ്രാപ്തനല്ലെന്ന് കാണിക്കാനായി യുവാവ് തന്റെ നാലു വിരലുകള്‍ മുറിച്ചെടുത്തു. മയൂര്‍ താരാപര എന്ന 32കാരനായ യുവാവാണ് മൂര്‍ച്ചയുള്ള കത്തിയെടുത്ത് ഇടതുകൈയുടെ നാലു വിരലുകള്‍ മുറിച്ചുകളഞ്ഞത്.
അബോധാവസ്ഥയില്‍ റോഡിനു വശത്തു വീണുകിടക്കുന്നതിനിടെ ആരോ വന്ന് തന്റെ വിരലുകള്‍ മുറിച്ചുമാറ്റിയെന്നാണ് ഇയാള്‍ ആദ്യം പൊലീസിനു നല്‍കിയ മൊഴി. അത് വിശ്വസനീയമല്ലാത്തതിനാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ബന്ധുവിന്റെ ഡയമണ്ട് സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാനുള്ള മടിയാണ് ഇയാളെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്. ജോലി ഉപേക്ഷിക്കാന്‍ മയൂര്‍ കണ്ടെത്തിയ മാര്‍ഗമാണ് വിരലുകള്‍ മുറിച്ചുമാറ്റുക എന്നത്.
വരാച്ച മിനിബസാറിലുള്ള സ്ഥാപനത്തില്‍ ജോലി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ബന്ധുവിനോട് പറയാന്‍ ധൈര്യമില്ലായിരുന്നു മയൂറിന്. അക്കൗണ്ട് സെക്ഷനില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായിരുന്നു മയൂര്‍. വിരലുകള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ കംപ്യൂട്ടറില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും അവസാനിപ്പിക്കാമെന്നുമാണ് യുവാവ് കണക്കുകൂട്ടിയത്.
മന്ത്രവാദത്തിനു വേണ്ടിയുള്ള പ്രവര്‍ത്തിയായാണ് പൊലീസ് ആദ്യം സംശയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവ് തന്നെയാണ് വിരലുകള്‍ മുറിച്ചതെന്ന് മനസിലായത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് സത്യം തുറന്നുപറഞ്ഞു. ഒടുവിൽ, വിരലുകൾ ഒരു പ്ലാസ്റ്റിക് ബാഗിൽ നിന്നും കത്തി മറ്റൊരു ബാഗിൽ നിന്നും കണ്ടെത്തുകയായിരുന്നു.