മഹാരാഷ്ട്രയില്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. സ്വതന്ത്ര്യവീർ സവർക്കർ ആർട്‌സ്, സയൻസ് ആൻഡ് കൊമേഴ്‌സ് കോളേജിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർഥിയായ സിദ്ധാന്ത് മസൽ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പരീക്ഷ എഴുതുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
കോളേജിന്‍റെ രണ്ടാം നിലയിലെ ഹാളില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ രാവിലെ 9.45 ഓടെ ഇൻവിജിലേറ്ററോട് തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് സിദ്ധാന്ത് പറഞ്ഞിരുന്നു. പിന്നാലെ അധികൃതര്‍ സിദ്ധാന്തിനെ ജില്ലാ സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സിദ്ധാന്ത് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സിദ്ധാന്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് രാവിലെ ബൈക്കിൽ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച ഇളയ സഹോദരൻ യാഷ് പറയുന്നത്. പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്രയിലും അസ്വസ്ഥതകള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി സിദ്ധാന്ത് പറഞ്ഞിരുന്നില്ല. പിന്നീട് കോളേജിൽ നിന്ന് യാഷിന് കോള്‍ വരികയായിരുന്നു. സിദ്ധാന്ത് ബോധംകെട്ടുവീണതായാണ് ആദ്യം അറിയിച്ചത്.
കാർ ഡ്രൈവറായി ജോലി ചെയ്യുന്ന അച്ഛനെയും സാരി കടയിൽ ജോലി െചയ്യുന്ന അമ്മയേയും കുടുംബം പോറ്റുന്നതിന് സഹായിക്കാനായി സിദ്ധാന്ത് പഠനത്തിനൊപ്പം പാർട്ട് ടൈം ജോലിയും ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ യുപിഎസ്‌സിക്ക് തയ്യാറെടുക്കുക കൂടിയായിരുന്നു സിദ്ധാന്ത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ശിവാജിനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.