അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ കുത്തേറ്റ് മരിച്ചു. ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍റാരിയോയിലെ ലാംബ്ടന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന ഗുറാസിസ് സിങാ(22)ണ് കൊല്ലപ്പെട്ടത്.
ഡിസംബര്‍ ഒന്നാം തീയതിയായിരുന്നു സംഭവമെന്നാണ് പൊലീസ് പറയുന്നത്. ക്വീന്‍ സ്ട്രീറ്റിലെ അപാര്ട്മെന്റിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഹണ്ടര്‍ ഗുറാസിസിനെ കറിക്കത്തി കൊണ്ട് മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചുവെന്നും പരുക്കേറ്റ ഗുറാസിസ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഉടനടി സ്ഥലത്തെത്തിയ പൊലീസ് ഹണ്ടറെ കസ്റ്റഡിയിലെടുത്തു.
പ്രതിയെ അറസ്റ്റ് ചെയ്തുവെങ്കിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന്‍റെ യഥാര്‍ഥ കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്നും വംശീയമായ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന ഒന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നും സരിന പൊലീസ് മേധാവി ഡെറക് ഡേവിസ് അറിയിച്ചു.
ഒന്നാം വര്‍ഷ ബിസിനസ് മാനെജ്മെന്‍റ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ഗുറാസിസ്. ഗുറാസിസിന്‍റെ അകാല നിര്യാണത്തില്‍ അഗാധമായ ദുഃഖം അറിയിക്കുന്നുവെന്നും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കോളജ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഗുറാസിസിന്‍റെ വീടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംസ്കാരചടങ്ങുള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.