മുംബൈയിലെ കുർളയില്‍ ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിന്‍റെ (ബെസ്റ്റ്) ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ഏഴുപേര്‍ മരിച്ച അപകടത്തിന്‍റെ നടുക്കം മാറുംമുന്‍പേ വീണ്ടും ബെസ്റ്റിന്‍റെ ബസ് അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച വൈകീട്ടാണ് ഗോവണ്ടിയിലെ ശിവാജി നഗർ ജംഗ്ഷനിലാണ് സംഭവം. ബസും ബൈക്കും കൂട്ടിയിടിട്ടാണ് അപകടമുണ്ടായത്.
അപകടത്തില്‍ 25 വയസുകാരനായ ദീക്ഷിത് വിനോദ് രാജ്പുത് എന്നയാള്‍ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 39 കാരനായ ബസ് ഡ്രൈവർ വിനോദ് ആബാജി രങ്കംബെയെയും കണ്ടക്ടർ അവിനാഷ് വിക്രംറാവു ഗീതെയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ ആഴ്ച ആദ്യമാണ് കുർള വെസ്റ്റിൽ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ 7 പേര്‍ മരിച്ചു. 49 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഡ്രൈവർ സഞ്ജയ് മോറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ഡ്രൈവറെ ഡിസംബർ 21 വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്
കുര്‍ളയില്‍ അപകടത്തില്‍പ്പെട്ട ബസിന് സാങ്കേതിക തകരാർ ഇല്ലെന്നാണ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തനിക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷന്‍ ബസുകള്‍ ഉപയോഗിക്കാന്‍ വശമില്ലെന്നും മുന്‍പ് മാനുവൽ ട്രാൻസ്മിഷൻ ബസുകളാണ് ഓടിച്ചിരുന്നതെന്നും ബസ് ഓടിച്ചിരുന്ന സഞ്ജയ് മോർ പൊലീസിന് മൊഴി നല്‍കിയിരുന്നു.
മൂന്ന് റൗണ്ട് പരിശീലനം മാത്രമാണ് തനിക്ക് ലഭിച്ചതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. മാനുവലിൽ നിന്ന് ഇ-ബസുകളിലേക്ക് പോകുന്ന ഡ്രൈവർമാർ ആറാഴ്ചത്തെ റിഫ്രഷറിന് വിധേയരാകണമെന്ന് ആവശ്യപ്പെടുന്ന ബെസ്റ്റിൻ്റെ ഇൻ്റേണൽ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയറിന് (എസ്ഒപി) വിരുദ്ധമാണിത്. കുർള വെസ്റ്റ് ഏരിയയ്ക്ക് ചുറ്റുമുള്ള ബെസ്റ്റ് സർവീസ് പുനരാരംഭിച്ചത് വെള്ളിയാഴ്ച മാത്രമാണ്