ശരവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ അരികെ നിന്ന ചേച്ചിയുടെ ഷോളും പറിച്ചായിരുന്നു തലകുത്തി മറിഞ്ഞത്. കണ്ടുനിന്നവരുടെ ഹൃദയമിടിപ്പ് അല്‍പനേരത്തേക്ക് നിശ്ചലമാക്കിയ അപകടം. സിസിടിവി കണ്ടവരും തലയില്‍ കൈവച്ചു. ഇന്നലെ പാറശാലയ്ക്കുസമീപം ചെങ്കവിളയിലായിരുന്നു സംഭവം. അമിതവേഗതയിൽ ചെങ്കവിള ഭാഗത്തു നിന്നും പാറശാലയിലേക്ക് വരികയായിരുന്നു കാര്‍. റോഡിന്റെ മറുവശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇടിച്ച കാർ തലകുത്തനെ റോഡില്‍ മറിഞ്ഞുകിടന്നു.
അപകടദൃശ്യങ്ങള്‍ ആദ്യം കണ്ടവരെല്ലാം തലയില്‍ കൈവെച്ചെങ്കിലും ആവര്‍ത്തിച്ചു കണ്ടപ്പോള്‍ പലര്‍ക്കും ചിരിയും അമ്പരപ്പും ആശ്വാസവും അടക്കാനായില്ല. ആ സെക്കന്റില്‍ അവിടെ സംഭവിച്ച കാര്യങ്ങള്‍ പലതായിരുന്നു, ഇത് കണ്ട് സോഷ്യല്‍മീഡിയയിലും ചിരിയും അമ്പരപ്പും.
ആ സമയം ചെങ്കവിള ഭാഗത്തേക്ക് നടന്ന് വരികയായിരുന്ന സ്ത്രീ ഇരുകാറുകൾക്കുമിടെയില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആ സ്ത്രീയുടെ ഷോളും പറിച്ചായിരുന്നു കാര്‍ തലകുത്തിമറിഞ്ഞത്. അതേസമയം തന്നെ എതിര്‍വശത്തു നിന്നും സ്കൂട്ടറില്‍ രണ്ടുപേര്‍ വന്നു..കാറിന്റെ വരവ് കണ്ട് സ്കൂട്ടര്‍ തിരിക്കാന്‍ ശ്രമിച്ചെങ്കിലും തൊട്ടുതൊട്ടില്ലെന്ന നിലയില്‍ കാര്‍ മറിഞ്ഞുനിന്നു തൊട്ടരുകില്‍. അവിടെയും ആശ്വാസം.
നാട്ടുകാരെല്ലാം തരിത്തു നില്‍ക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. പിന്നാലെ ഓരോരുത്തരായി മറിഞ്ഞുകിടക്കുന്ന കാറിനടുത്തേക്ക്. ആ മറിച്ചില്‍ കണ്ടവരാരും കരുതികാണില്ല അതിലൊരു ജീവനെങ്കിലും ബാക്കിയാവുമെന്ന്. എന്നാല്‍ അവിടെയും സീന്‍ മറ്റൊന്നായിരുന്നു. അകത്ത് ജീവനുണ്ടോ എന്നു നോക്കാന്‍ വന്ന നാട്ടുകാര്‍ ആദ്യം കാണുന്നത് രണ്ട് ചെരുപ്പ് പൊങ്ങിവരുന്നതാണ്. മറ്റാരുമല്ല , കാറുകൊണ്ട് നാട്ടുകാര്‍ക്ക് മുന്‍പില്‍ വന്‍ അഭ്യാസം തീര്‍ത്ത ഡ്രൈവര്‍ തന്നെ...ചെരുപ്പ് ആദ്യം പുറത്തേക്കെറിഞ്ഞു, പിന്നാലെ ആയാസപ്പെട്ട് ഡ്രൈവറുടെ ചാട്ടം, അല്ല ഒറ്റ ഓട്ടം. ഇതുകണ്ട് ചുറ്റും കൂടിയ നാട്ടുകാരില്‍ ചിലര്‍ ഓടുന്നവനെ തിരിഞ്ഞുനോക്കുന്നുണ്ട്. എന്നാല്‍ സിസിടിവി കണ്ട സോഷ്യല്‍മീഡിയ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചുകണ്ട് ചിരിക്കുകയാണ്.
എന്താണ് സംഭവിച്ചതെന്ന് ഡ്രൈവര്‍ക്കും നാട്ടുകാര്‍ക്കും മനസിലായില്ലെന്നതാണ് സത്യം. അപകടത്തില്‍ ജീവഹാനി വല്ലതും സംഭവിച്ചുകാണുമെന്ന് കരുതിയാവും ഡ്രൈവര്‍ ഓടിയത്. ഏതായാലും ഒരു അപകടം കണ്ടും ചിരിക്കാന്‍ വകകിട്ടിയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.