മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി ഞായറാഴ്ച നാഗ്പൂരില്‍ നടന്ന മൂന്ന് മണിക്കൂര്‍ റാലിക്കിടെ 26ലക്ഷത്തിന്റ മോഷണം. മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് 11 പേരെ അറസ്റ്റ് ചെയ്തു. അഹ്മദാബാദ് സ്വദേശികളായ നാലുപേരും ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. ഇവരില്‍ നിന്നും രണ്ട് സെല്‍ഫോണുകളും 7000രൂപയും പിടിച്ചെടുത്തു.
31പേര്‍ക്ക് പണം , മൊബൈല്‍ഫോണ്‍, വിലപ്പെട്ട രേഖകള്‍, സ്വര്‍ണം എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ഒരു പൊലീസുകാരന്റെ മാലയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അന്‍പതിലേറെപ്പേര്‍ക്ക് വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പൊലീസ് പറയുന്നു. ഡോ ബാബാസാഹേബ് അംബേദ്കര്‍ വിമാനത്താവളത്തിനടുത്തുനിന്നാണ് വിജയഘോഷയാത്ര ആരംഭിച്ചത്. ഇത് മുന്‍കൂട്ടിക്കണ്ട പോക്കറ്റടിസംഘം റാലി കേന്ദ്രീകരിച്ച് മോഷണപദ്ധതി തയ്യാറാക്കുകയായിരുന്നു. ഈ മേഖലയില്‍ പോക്കറ്റടിക്കാരുടെ വലിയസംഘമുണ്ടെന്നും ഒരാള്‍ മോഷ്ടിച്ച ശേഷം മോഷണസാധനങ്ങള്‍ മറ്റുള്ളവരിലേക്ക് കൈമാറുകയാണ് അവരുടെ രീതിയെന്നും ബജാജ് നഗര്‍ പൊലീസ് പറഞ്ഞു.
ഈ കൊള്ളസംഘം രാജ്യവ്യാപകമായി മോഷണ പദ്ധതി തയ്യാറാക്കുന്നവരാണെന്നും പൊലീസ് വ്യക്തമാക്കുന്നു . വലിയ ജനക്കൂട്ടമെത്തുന്ന പരിപാടികള്‍ ലക്ഷ്യമിട്ടാണ് കൊള്ളപദ്ധതി തയ്യാറാക്കുന്നത്. റാലിയിലെ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായവരെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.