ഇന്ത്യൻ റെയിൽവെ വക ഇരുട്ടടി ഉണ്ടാകുമോ? യാത്ര വണ്ടികളിൽ നിന്നും വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്നും ഇതു വർധിപ്പിക്കാൻ നിരക്ക് വർധിപ്പിക്കാനും ശുപാർശ ചെയ്ത് റെയിൽവെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട്. ചരക്കുനീക്കത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാൾ കുറവാണ് യാത്രവിഭാഗത്തിൽ നിന്നുള്ള വരുമാനം. ഇതിനൊപ്പം ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനുള്ള വഴികൾ ആലോചിക്കാനും കമ്മിറ്റി ആവശ്യപ്പെടുന്നു. ബിജെപി എംപി സി.എം രമേശ് അധ്യക്ഷനായ സമിതി ഡിസംബർ 13 ന് റിപ്പോർട്ട് ലോക്സഭയിൽ വെച്ചു.
Also Read: ട്രെയിനില്‍ കാലുകുത്താന്‍ ഇടമില്ല; അകത്തു നിന്ന് പൂട്ടി; കോച്ച് അടിച്ചുതകര്‍ത്ത് യാത്രക്കാര്‍
2024-25 സാമ്പത്തിക വർഷം 80,000 കോടി രൂപയാണ് യാത്ര വിഭാഗത്തിൽ നിന്നും പ്രതീക്ഷിക്കുന്ന വരുമാനം. എന്നാൽ ചരക്കുനീക്കത്തിലൂടെ റെയിൽവെ 1.80 ലക്ഷം കോടി രൂപ പ്രതീക്ഷിക്കുന്നു. മൊത്ത വരുമാനം വർധിപ്പിക്കുന്നതിനായി പാസഞ്ചർ വിഭാഗത്തിൽ നിനനുള്ള വരുമാനം വർധിപ്പിക്കണമെന്നാണ് കമ്മിറ്റി റെയിൽവെയോട് ആവശ്യപ്പെടുന്നത്.
വ്യത്യസ്‌ത ട്രെയിനുകളിലെ വ്യത്യസ്ത ക്ലാസുകളുടെ യാത്ര നിരക്കുകൾ റെയിൽവേ സമഗ്രമായ അവലോകനം ചെയ്യണം. പാസഞ്ചർ വിഭാഗത്തിലെ നഷ്ടം കുറയ്ക്കുന്നതിനായി എസി ക്ലാസുകളുടെ നിരക്കുകൾ റെയിൽവേ പുനഃപരിശോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Also Read: ട്രെയിന്‍ യാത്ര സൂപ്പറാക്കാന്‍ 'സൂപ്പര്‍ ആപ്പ്'
റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ റെയിൽവേ മന്ത്രാലയം കണ്ടെത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു.
റെയിൽവേയുടെ കൈവശമുള്ള സ്ഥലവും ഭൂമിയും പൂർണ്ണമായി വിനിയോഗിച്ച് പരസ്യങ്ങളിലൂടെയോ സ്ഥലങ്ങൾ ലീസിന് നൽകിയോ വരുമാനം വർധിപ്പിക്കാം. ഇതിന് ആവശ്യമെങ്കിൽ പുറത്ത് നിന്നുള്ള ഏജൻസികളുടെ സഹായം തേടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി (ഐസിഎഫ്) കോച്ചുകൾക്ക് പകരം ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകളിലേക്ക് മാറുന്നത് വേഗത്തിലാകണം. ഐസിഎഫ് കോച്ചുകളെ വാഹനങ്ങൾ കൊണ്ടുപോകുന്നതിനുള്ള മോഡിഫൈഡ് ഗുഡ്സ് കോച്ചുകളാക്കി മാറ്റാം.
2023-24 സാമ്പത്തിക വർഷത്തിൽ റെയിൽവെയ്ക്ക് ആവശ്യമായ കോച്ചുകൾ നിർമിക്കാനായില്ല. കോച്ച് പ്രൊഡക്ഷൻ ശേഷി വർധിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാനും കമ്മിറ്റി റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.