ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് തപ്പി സൈറ്റുകള്‍ തോറും കയറിയിറങ്ങുന്നവരാണോ? നിങ്ങളെ സഹായിക്കാന്‍ സാക്ഷാല്‍ റെയില്‍വേ തന്നെ രംഗത്തെത്തിയിരിക്കുന്നു,എല്ലാ റെയില്‍വേ സംവിധാനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ആപ്പ് ഈ മാസം തന്നെ പുറത്തിറക്കാനാണ് തീരുമാനം. ഐആർസിടിസി ആപ്പും വെബ്‌സൈറ്റും അപ്‌ഗ്രേഡ് ചെയ്താണ് ഐആർസിടിസി സൂപ്പർ ആപ്പ് ഒരുക്കുന്നത്.
സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസുമായി (CRIS) സഹകരിച്ചാണ് IRCTC ഈ ആപ്പ് വികസിപ്പിച്ചത്. ടിക്കറ്റ് ബുക്കിങ്, കാറ്ററിങ്, ടൂറിസം പാക്കേജുകൾ, മറ്റ് യാത്രാ സംബന്ധിയായ സേവനങ്ങൾ എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും ഇതില്‍ ലഭിക്കും. റെയിൽവേ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഈ ആപ്പ് പദ്ധതിയിടുന്നു. റെയിൽവേ യാത്രാ ബുക്കിംഗുകളും മറ്റ് അനുബന്ധ സേവനങ്ങളും ഈ മൾട്ടി-യൂട്ടിലിറ്റി മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ഐആർസിടിസിക്ക് ഇതിനകം തന്നെ ഐആർസിടിസി റെയിൽ കണക്ട് ആപ്പ് എന്ന പേരിൽ ഒരു ഔദ്യോഗിക ആപ്പ് ഉണ്ട്, അത് ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ നൽകുന്നുണ്ടെങ്കിലും സൂപ്പർ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് അപ്പുറമുള്ള വിപുലമായ സേവനങ്ങൾ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.ടൂറിസം പാക്കേജുകൾ, ഭക്ഷണ ഓർഡറുകൾ എന്നിവയും സൂപ്പര്‍ ആപ്പിലൂടെ ലഭിക്കും.
ഏതൊരു ആപ്പും പോലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും ഐ ഒ എസ് ഉപഭോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.IRCTC-യിൽ ഇതിനോടകം അക്കൗണ്ട് ഉള്ള ഉപയോക്താക്കൾക്ക് ആപ്പില്‍ ലോഗിൻ ചെയ്യാൻ കഴിയും. പുതിയ ഉപഭോക്താക്കൾക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തും ഉപയോഗിക്കാം.സൂപ്പര്‍ ആപ്പിലൂടെ കണ്‍ഫേം ടിക്കറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.നേരിട്ടുള്ള ബുക്കിങ് ലഭ്യമല്ലാത്തപ്പോൾ ഇതര ട്രെയിനുകളോ റൂട്ടുകളോ ശുപാർശ ചെയ്യാൻ VIKALP പോലുള്ള ടൂളുകൾ സൂപ്പര്‍ ആപ്പ് ഉപയോഗിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ട്രെയിനുകളിലും ക്ലാസുകളിലും സീറ്റ് ലഭ്യത പരിശോധിക്കാവുന്നതാണ്. ഇത് കണ്‍ഫേം ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂട്ടുന്നു.
VIKALP പോലുള്ള ടൂളുകൾ ഉപയോഗിച്ച് ടിക്കറ്റ് ഓപ്‌ഷനുകൾ സ്ഥിരീകരിക്കുക എന്നതാണ് സൂപ്പര്‍ ആപ്പിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.ഇഷ്ടപ്പെട്ട ഓപ്ഷനുകൾ ലഭ്യമല്ലെങ്കിൽ അതേ റൂട്ടിലുള്ള മറ്റ് ട്രെയിനുകളിലെ ലഭ്യാമായ ടിക്കറ്റുകൾ കാണിച്ചുതരും. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ട്രെയിൻ ഷെഡ്യൂളുകൾ, സീറ്റ് ലഭ്യത, PNR സ്റ്റാറ്റസ് എന്നിവ പരിശോധിക്കാനും കഴിയും. ഐആർസിടിസി സൂപ്പർ ആപ്പ് വഴി നേരിട്ട് ബുക്ക് ചെയ്യുമ്പോൾ ആഭ്യന്തര, അന്തർദേശീയ ടൂറുകൾ ഉൾപ്പെടെയുള്ള ക്യൂറേറ്റഡ് ടൂറിസം പാക്കേജുകൾ ആക്സസ് ചെയ്യാൻ ഉപഭോക്താക്കള്‍ക്ക് കഴിയും. റസ്റ്റൊറന്‍റുകളെ പങ്കാളിയാക്കി ഭക്ഷണം ട്രെയിൻ യാത്രയ്ക്കിടെ സീറ്റുകളിൽ എത്തിക്കാനുള്ള സംവിധാനവും ഉണ്ട്. എല്ലാ IRCTC സേവനങ്ങളും ഒരു ഇന്‍റര്‍ഫേസിലേക്ക് സംയോജിപ്പിക്കുന്നതിനാൽ ഒന്നിലധികം ആപ്പ് ഡൗൺലോഡുകളുടെ ആവശ്യകത കുറയ്ക്കുന്നു. UPI, ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പേയ്‌മെന്‍റ്, നെറ്റ്ബാങ്കിംഗ് തുടങ്ങിയ ഒന്നിലധികം പേയ്‌മെന്‍റ് ഓപ്ഷനുകളും ആപ്പ് പിന്തുണയ്ക്കുന്നുണ്ട്.