പുഷ്പ2 വിന്‍റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന പൊലീസ്. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിന്‍റെ മാനേജരെയാണ് ആദ്യം അറിയിച്ചതെന്നും പൊലീസ് അവകാശപ്പെടുന്നു. നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിന് അല്ലു അര്‍ജുനോട് വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ലെന്നും രാജ്യത്തെ പൗരന്‍മാരുടെ ജീവന്‍ കാക്കുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു തെലങ്കാന ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചത്. 'സിനിമയില്‍ അവര്‍ നായകന്‍മാരായിരിക്കും, പക്ഷേ അതിന് പുറത്ത് സമൂഹത്തിലെ പ്രശ്നങ്ങളെ മനസിലാക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവനോളം വലുതല്ല സിനിമയുടെ പ്രമോഷന്‍. അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. അത്തരം സംഭവങ്ങള്‍ സമൂഹത്തിന്‍റെയോ വ്യക്തികളുടെയോ നല്ലതിനല്ലെന്നും ഡിജിപി തുറന്നടിച്ചു.
റിലീസിന് അല്ലു അര്‍ജുന്‍ സന്ധ്യ തിയറ്ററിലെത്തുന്നതിന് അനുമതി ചോദിച്ചപ്പോള്‍ താന്‍ പലവട്ടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതാണെന്നും അപകടസാധ്യത ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ചിക്കടപ്പള്ളി സിഐ രാജു നായക് പറഞ്ഞു. തിക്കിലും തിരക്കിലും സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ടതിന് പിന്നാലെ അല്ലു അര്‍ജുനെ കാണാന്‍ താന്‍ പലവട്ടം ശ്രമിച്ചുവെന്നും അല്ലുവിന്‍റെ മാനേജര്‍ സന്തോഷിനോടാണ് വിവരം പറഞ്ഞതെന്നും എസിപി രമേഷ് പറയുന്നു. ഒരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കിയെന്ന വിവരവും അറിയിച്ചു. പക്ഷേ അല്ലു അര്‍ജുനെ കാണാന്‍ സന്തോഷും മറ്റൊരാളും സമ്മതിച്ചില്ല. അല്ലുവിനോട് വിവരം കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. അല്ലുവിനെ സ്ഥലത്ത് നിന്നും മാറ്റണമെന്ന് ഡിജിപി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെ അല്ലുവിനെ കണ്ട് വിവരം പറഞ്ഞുവെന്നും എന്നാല്‍ പോകാന്‍ അദ്ദേഹം തയ്യാറായില്ലെന്നും എസിപി കൂട്ടിച്ചേര്‍ത്തു. സമാനവാദമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അക്ബറുദ്ദീന്‍ ഒവൈസിയും ഉയര്‍ത്തിയത്.
ഡിസംബര്‍ നാലിന് ചിത്രം റിലീസ് ചെയ്തപ്പോള്‍ കാണാനെത്തിയ യുവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ എട്ടുവയസുകാരന്‍ മകന്‍ മസ്തിഷ്ക മരണം സംഭവിച്ച് ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അല്ലു അര്‍ജുനെ ഹൈദരാബാദിലെ വസതിയിലെത്തി അറസ്റ്റ് ചെയ്തു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസമാണ് അല്ലുവിനെ ജയിലില്‍ നിന്നും വിട്ടയച്ചത്. ശനിയാഴ്ച വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അപകടത്തെയും മരണത്തെയും കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും പിറ്റേ ദിവസമാണ് അറിഞ്ഞതെന്നുമായിരുന്നു താരം അവകാശപ്പെട്ടത്.