വിമാനത്തില്‍ സൂക്ഷിച്ചിരുന്ന 15 ലീറ്റര്‍ മദ്യവും യാത്രയ്ക്കിടെ കുടിച്ച് തീര്‍ത്ത് യാത്രക്കാര്‍. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സൂറത്തില്‍ നിന്നും ബാങ്കോക്കിലേക്കുള്ള കന്നിയാത്രയിലാണ് സംഭവം. വെള്ളിയാഴ്ച 175 യാത്രക്കാരും 6 വിമാന ജീവനക്കാരുമായാണ് ബോയിങ് 737–8 വിമാനം ബാങ്കോക്കിലേക്ക് തിരിച്ചത്. 1.8 ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് വിമാനത്തില്‍ സ്റ്റോക്ക് ചെയ്തിരുന്നത്. ഗുജറാത്തി ലഘുഭക്ഷണമായ ഖമനും, തെപ്ലയും യാത്രക്കാര്‍ക്ക് നല്‍കാനായി വിമാനത്തില്‍ കരുതിയിരുന്നു. ഇതുള്‍പ്പടെയുള്ള സ്നാക്സുകളും തീര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.
കന്നിയാത്രയില്‍ തന്നെ 98 ശതമാനം യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. കയറിയ യാത്രക്കാരെല്ലാവരും ചേര്‍ന്ന് നാല് മണിക്കൂര്‍ കൊണ്ട് വിസ്കിയും ബീയറും ഉള്‍പ്പെടെ വിമാനത്തില്‍ കരുതിയ മദ്യമത്രയും കുടിച്ച് തീര്‍ത്തു. ഒടുവില്‍ മദ്യം കിട്ടാതയായപ്പോള്‍ ചിരിച്ച് ഉല്ലസിച്ച് ഇരിക്കുന്ന യാത്രക്കാരുടെ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാര്‍ തന്നെയാണ് മദ്യവും സ്നാക്സും തീര്‍ന്നെന്ന് പറഞ്ഞ് വിമാനത്തിനുള്ളിലിരുന്ന് വിഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തത്. പുറത്തുവന്ന കുടിക്കണക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് അധികൃതരും സോഷ്യല്‍ ലോകവും. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണ് ഗുജറാത്ത്.
അതേസമയം വിമാനത്തില്‍ മദ്യം ആവശ്യത്തിന് ലഭിച്ചില്ലെന്ന വാര്‍ത്തകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തള്ളി. പെരുപ്പിച്ച വാര്‍ത്തകളാണ് പുറത്തുവന്നതെന്നായിരുന്നു അനൗദ്യോഗിക പ്രതികരണം. ഔദ്യോഗിക പ്രതികരണം വിമാനക്കമ്പനി ഇതുവരെയും പുറത്തിറക്കിയിട്ടില്ല. യാത്രയിലുടനീളം നല്‍കാനുള്ള ഭക്ഷണവും മദ്യവും സ്റ്റോക്കുണ്ടായിരുന്നുവെന്ന് വിമാനക്കമ്പനി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിമാന യാത്രയ്ക്കിടെ 100 മില്ലിയില്‍ കൂടുതല്‍ മദ്യം യാത്രക്കാര്‍ക്ക് നല്‍കില്ലെന്നും അതുകൊണ്ട് തന്നെ മദ്യം തീര്‍ന്നുപോയെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അഞ്ച് തരം മദ്യമാണ് എയര്‍ ഇന്ത്യ നല്‍കി വരുന്നത്. ഷിവാസ് റീഗല്‍ (50 മില്ലീ) 600 രൂപ, റെഡ് ലേബല്‍സ ബെക്കാര്‍ഡി വൈറ്റ് റം, ബിഫീറ്റര്‍ ജിന്‍ (50 മില്ലീ വീതം) 400 രൂപ, ബിറ ലാഗര്‍ (330 മില്ലീ) 400 രൂപ എന്നിങ്ങനെയാണത്.
മദ്യ വില്‍പ്പനയും ഉപഭോഗവും 1960 മുതല്‍ നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്തെന്നത് കൊണ്ടുതന്നെ അതിവേഗത്തിലാണ് വാര്‍ത്ത പരന്നത്. എന്നാല്‍ ഈ വര്‍ഷമാദ്യം ഗാന്ധി നഗര്‍ സിറ്റിയില്‍ മാത്രം പരിമിതമായ അളവില്‍ മദ്യ ഉപഭോഗത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വൈന്‍ ആന്‍റ് ഡൈന്‍ സോണുകളില്‍ മാത്രമാണ് നിലവില്‍ മദ്യം ഉപയോഗിക്കുന്നതിന് അനുമതി. 21 വയസിന് മുകളിലുള്ളവര്‍ക്കാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. 1000 രൂപയാണ് വാര്‍ഷിക പെര്‍മിറ്റിനായി നല്‍കേണ്ടത്. രാജ്യാന്തര വിമാന നയങ്ങളനുസരിച്ച് വിമാനത്തിനുള്ളില്‍ മദ്യം വിളമ്പുന്നതിന് വിലക്കില്ല.