TOPICS COVERED

ക്രിസ്മസിന് തലേന്ന് ​ഗോവയിൽ ബീഫ് കടകൾ അടച്ചിട്ട് വ്യാപാരികളുടെ പ്രതിഷേധം. ഈയിടെ സൗത്ത് ​ഗോവയിലെ മാർഗാവോയിൽ പശു സംരക്ഷണ സേനയിലെ അം​ഗങ്ങളുമായുണ്ടായ സംഘർഷത്തിൽ മൂന്ന് വ്യാപാരികൾക്ക് പരിക്കേറ്റിരുന്നു. സംസ്ഥാനത്ത് ബീഫ് കയറ്റി പോകുന്ന വാഹനങ്ങൾക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കുകയും വിജിലൻ്റ് ഗ്രൂപ്പുകളെ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം. 

ഡിസംബർ 23,24 തീയികളിൽ സംസ്ഥാനത്ത് ഇറച്ചി കടകൾ അടഞ്ഞു കിടന്നു. ക്രിസ്മസ് ദിവസമാണ് സമരം അവസാനിപ്പിച്ച് വ്യാപാരികൾ കടകൾ തുറന്നത്. വ്യാപാരികളുടെ സമരത്തെ പറ്റി മുഖ്യമന്ത്രി പൊതുവേദിയിൽ സംസാരിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

വ്യാപാരികളുമായി മുഖ്യമന്ത്രി നേരിട്ട് കൂടിക്കാഴ്ച നടത്തിയില്ലെങ്കിലും പ്രസ്താവനയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായാണ് ബീഫ് വ്യാപാരികളുടെ സംഘടന വ്യക്തമാക്കിയത്. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പൊതുവേദിയിൽ പ്രസം​ഗിച്ചതിനാൽ അദ്ദേഹത്തിൻ്റെ വാക്കിൽ വിശ്വസിച്ച് പ്രവർത്തനം പുനരാരംഭിക്കുകയാണെന്നും സംഘടന നേതാക്കൾ വ്യക്തമാക്കി. 

​ഗോവൻ ഭക്ഷണത്തിലെ പ്രധാന ചേരുവയാണ് ബീഫ്. ഗോവയിൽ സമൂസ, പഫ്‌സ് തുടങ്ങിയ ഭക്ഷണങ്ങളിലും ബീഫ് ഉപയോഗിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഉപഭോ​ഗം നടക്കുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കിടെ വന്ന സമരം ​ഗോവയിൽ ബീഫ് ക്ഷാമമുണ്ടാക്കിയിട്ടുണ്ട്. കർണാടകയിൽ നിന്നാണ് പ്രധാനമായും ​ഗോവയിലേക്ക് ബീഫ് എത്തുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബൽ​ഗാവിയിൽ നിന്നടക്കം ഡ്രൈവർമാർ ലോഡുമായി എത്താൻ താൽപര്യപ്പെടുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. 

കഴിഞ്ഞ ബുധനാഴ്ച മാർഗാവോയിലെ സൗത്ത് ​ഗോവ പ്ലാനിങ് ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ മാർക്കറ്റ് കോംപ്ലക്സിലുണ്ടായ സംഘർഷമാണ് സമരത്തിന് കാരണം. ലോഡ് ഇറക്കുകയായിരുന്ന ലോറി പരിശോധിക്കാൻ പശു സംരക്ഷകർ എത്തുകയും നിയമവിരുദ്ധമായ കടത്ത് ആരോപിക്കുകയും ചെയ്തതിന് പിന്നാലെ സംഘർഷമുണ്ടായിരുന്നു.

സംഘർഷത്തിൽ മൂന്ന് വ്യാപാരികൾക്കും രണ്ട് പശു സംരക്ഷകർക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ഇരുവിഭാ​ഗത്തിന്റെയും പരാതിയിൽ ഫത്തോഡ പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

Cow vigilante attacks have led to a strike by beef shop owners in Goa ahead of Christmas, resulting in a shortage of beef in the state.