പലപ്പോഴും നമ്മളെ തെറ്റായ വഴിയിലെത്തിക്കുമ്പോൾ ഗൂഗിൾ മാപ്പിനെ കുറ്റം പറയാത്തവരായി ആരുമുണ്ടാകില്ല. അത്തരത്തിലുള്ള മറ്റൊരു വാർത്തയാണ് കർണാടകത്തിൽ നിന്ന് വരുന്നത്. മധ്യ പ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് യാത്ര തിരിച്ച 6 ബിഹാർ സ്വദേശികൾക്കാണ് ഗൂഗിൽ മാപ്പ് പണി കൊടുത്തത്. ഇവർ വഴിതെറ്റി എത്തിപ്പെട്ടത് എവിടെയാണെന്ന് അറിയുമോ? ബെളഗാവിയിലെ ഖാനാപുര ഭീംഗഡ് വന്യജീവിസങ്കേതത്തിലെ കൊടും വനത്തിലാണ്.
ഗൂഗിൽ മാപ്പ് പറയുന്നത് കേട്ട് പോയി പോയി ഒടുവിൽ ജനവാസമില്ലാത്ത മേഖലയിലെത്തി കാറിന്റെ ചക്രങ്ങൾ ചെളിയിൽ കുടുങ്ങി. 25 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന് കണ്ട് സിന്ധന്നൂർ – ഹെമഗാദ പാതയിൽ നിന്ന് ഇടറോഡിലേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ പിന്നിട്ടതോടെ ടാറിട്ട റോഡ് അപ്രത്യക്ഷമായി. മോക്കിയപ്പോൾ ആരെയും വിളിക്കാൻ പറ്റുന്നില്ല. കാരണം മൊബൈൽ ഫോണിന് സിഗ്‌നൽ ലഭിക്കാത്ത സ്ഥലമായിരുന്നു ഇത്.
വെളുപ്പാൻ കാലത്ത് കാട്ടിലൂടെ കുറേ നടന്നാണ് സിഗ്‌നൽ കിട്ടിയത്. ഉടൻ പൊലീസിനെ വിളിച്ചു. 2 മണിക്കൂറിനുള്ളിൽ പൊലീസെത്തിയാണ്
ഇവരെ രക്ഷപ്പെടുത്തിയതും വെള്ളവും ഭക്ഷണവും നൽകിയതും. 30 കിലോമീറ്റർ സഞ്ചരിച്ചാണ് പൊലീസ് ഇവരുടെ അടുത്തെത്തിയത്.
പൊലീസുകാരാണ് ചെളിയിൽ നിന്ന് കാർ കരയ്ക്കു കയറ്റിയത്. തുടർന്ന് ഗോവയിലേക്കുള്ള പ്രധാന റോഡ് വരെ അവരെ കൊണ്ടാക്കുകയും ചെയ്തു. സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.