വാഹനാപകടങ്ങളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് എയര്‍ബാഗ്. എന്നാല്‍ എയര്‍ബാഗ് തന്നെ ദുരന്തകാരണമായ അപകടത്തിന്‍റെ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഡിസംബര്‍ 21ന് രാത്രി മുംബൈയ്ക്ക് സമീപമുണ്ടായ കാറപകടത്തിലാണ് ആറു വയസുകാരന്‍ കൊല്ലപ്പെടുന്നത്. കാറിന്‍റെ എയർബാഗ് മുഖത്തമർന്നതാണ് ആറുവയസ്സുകാരന്‍റെ മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
നവി മുംബൈയിലെ വാഷി മേഖലയിലാണ് അപകടമുണ്ടായത്. പിതാവിനും രണ്ട് ബന്ധുക്കള്‍ക്കമൊപ്പം പാനിപൂരി കഴിക്കാന്‍ പുറപ്പെട്ടതായിരുന്നു ഹർഷ് അരേത്തിയ എന്ന ആറു വയസുകാരന്‍. ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട മറ്റൊരു കാർ ഇവരുടെ കാറിന്‍റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതം വലുതായിരുന്നു. നിയന്ത്രണംവിട്ട കാർ വായുവിലേക്ക് ഉയർന്നാണ് ഇവരുടെ കാറിന്‍റെ ബോണറ്റില്‍ വന്നുവീഴുന്നത്. ഇതോടെ കാറിലെ എയർബാഗ് പ്രവര്‍ത്തിച്ചു.
എയർബാഗ് മുഖത്തമർന്ന കുട്ടിയെ പുറത്തെടുത്തപ്പോൾ അബോധാവസ്ഥയിലായിരുന്നു. വാഷി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അതേസമയം, വാഹനമോടിച്ചിരുന്ന പിതാവിന് എയർബാഗ് പ്രവർത്തിച്ചതിനാൽ പരിക്കേറ്റിട്ടില്ല. മറ്റു ബന്ധുക്കള്‍ക്കും പരുക്കുകളില്ല. എയർബാഗ് മുഖത്തമർന്ന് ശ്വാസംമുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറയുന്നത്. ഉയരം കുറവായതിനാൽ എയർബാഗ് കഴുത്തിലമര്‍ന്നെന്നാണ് കരുതുന്നത്. കുട്ടിയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.