മുംബൈയില്‍ മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി തൊഴിലാളി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളിലൊരാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ കാര്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തികളിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞുകയറി. ഒരു തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്‍റെ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നടി ഊര്‍മിള നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. എയര്‍ബാഗ് കൃത്യസമയത്ത് പ്രവര്‍ത്തിച്ചതിനാലാണ് ഊര്‍മിള നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
'ദുനിയാദാരി', 'ശുഭമംഗൾ സാവധാൻ', 'തി സാധ്യ കേ കാർത്തേ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത മറാത്തി നടിയാണ് ഊർമിള കോട്ടാരെ. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.