മേഘാലയയില്‍ പള്ളിയിൽ അതിക്രമിച്ച് കയറുകയും അൾത്താരയിൽ 'ജയ് ശ്രീറാം ' വിളിക്കുകയും ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിലെ പള്ളിയിൽ വ്യാഴാഴ്ചയാണ് സംഭവം. ആകാശ് സാഗര്‍ എന്ന യുവാവാണ് പള്ളിയില്‍ അതിക്രമിച്ച് കയറുകയും ‘ജയ് ശ്രീ റാം’ വിളിക്കുകയും ചെയ്തത്. ഇയാള്‍ തന്നെയാണ് ഇതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
യുവാവിന്‍റെ പ്രവര്‍ത്തിയെ അപലപിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയും രംഗത്തെത്തി. സംസ്ഥാനത്തെ സമുദായങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹികമോ മതപരമോ സാമുദായികമോ ആയ ഭിന്നതകൾ വളർത്തുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിക്കും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവം ആസൂത്രിതമാണെന്നും മതസ്പര്‍ധ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തക ആഞ്ചല രംഗദ് പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. യുവാവ് മനഃപൂർവ്വം അൾത്താരയിൽ അതിക്രമിച്ച് കയറുകയും ‘ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. ഇത് ന്യൂനപക്ഷ സംസ്‌കാരത്തെ അവഹേളിക്കുന്നതിനും മതസ്വാതന്ത്ര്യത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആഞ്ചല പറഞ്ഞു.
അതേസമയം, മേഘാലയയിലെ പ്രമുഖ ഹിന്ദു സംഘടനയായ സെൻട്രൽ പൂജ കമ്മിറ്റിയും (സിപിസി) യുവാവിന്‍റെ പ്രവര്‍ത്തിയെ അപലപിച്ചു. ‘സമാധാനപൂര്‍ണമായ സംസ്ഥാനത്തിന്‍റെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ അതിയായ വേദനയുണ്ട്. ഈ വ്യക്തിയുടെ പ്രവര്‍ത്തിയെ ഞങ്ങൾ ശക്തമായി അപലപിക്കുകന്നു. നിയമപ്രകാരം കർശനമായ നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകന്നു’ സിപിസി പ്രസിഡന്‍റ് നബ ഭട്ടാചാരി പറഞ്ഞു. ഇത്തരം ബുദ്ധിശൂന്യമായ പ്രവര്‍ത്തികൾക്കെതിരെ കര്‍ശന നടപടികൾ നടപ്പിലാക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, ഉചിതമായ നിയമനടപടികൾ പാലിക്കണമെന്നും മേഘാലയ ബിജെപി വക്താവ് എം ഖാർക്രാംഗ് പറഞ്ഞു.