ആന്ധ്രാ പ്രദേശില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേവിലെ കൗതാവരം ഗ്രാമത്തിൽ നിന്നുള്ള 26 കാരന്‍ കൊമ്മളപതി സായ് കുമാറാണ് മരിച്ചത്. ഹൈദരാബാദിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യുവാവ് ഞായറാഴ്ച രാവിലെയാണ് ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയത്.
ബുധനാഴ്ച ഗ്രാമത്തിലെ കൂട്ടുകാരുമായി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ട് സായ്കുമാര്‍ നിലത്തിരുന്നു. കൂട്ടുകാര്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞെങ്കിലും യുവാവ് കൂട്ടാക്കിയില്ല. വേദന ഇടക്കിടെ അനുഭവപ്പെടാറുണ്ടെന്നും കുറച്ച് വെള്ളം കുടിച്ചാല്‍ മാറുമെന്നുമാണ് യുവാവ് പറഞ്ഞത്. ഏതാനും മിനിറ്റുകൾക്ക് ശേഷം സായ്കുമാര്‍ മൈതാനത്ത് തിരിച്ചെത്തുകയും ബൗൾ ചെയ്യാൻ തുടങ്ങി. ഇതിനിടിെട എതിര്‍ ടീമിന്‍റെ വിക്കറ്റ് വീഴ്ത്തിയത് ആഘോഷിക്കുകയും ചെയ്തു.
പിന്നാലെ പന്ത് എറിയാന്‍ വീണ്ടുമെത്തിയ സായികുമാര്‍ നെഞ്ചുവേദന അനുഭവപ്പെട്ട് നിലത്ത് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ അദ്ദേഹത്തിന് സിപിആർ നല്‍കുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ നിന്ന് സായിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോളേക്കും യുവാവ് മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
2023 ജൂണിൽ വിശാഖപട്ടണത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മണികണ്ഠ നായിഡു എന്ന 26 കാരനായ അഭിഭാഷകൻ മരിച്ചിരുന്നു. മല്‍സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മണികണ്ഠ കുഴഞ്ഞു വീഴുകയായിരുന്നു. യുവാവിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തി.
അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് തുടങ്ങി ഒന്നിലധികം ഘടകങ്ങൾ മൂലം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗങ്ങള്‍ വര്‍ധിക്കുന്നതായി ഹൃദ്രോഗ വിദഗ്ധർ പറഞ്ഞു. വളരെ കാലമായി കായികാധ്വാനം ചെയ്യാത്തവര്‍ ജാഗ്രത പാലിക്കണെമെന്നും വിദഗ്ധർ മുന്നറിയിപ്പു നല്‍കി. ഹൃദ്രോഗ– ഹൃദയാഘാത ലക്ഷണങ്ങളെ തള്ളിക്കളയരുതെന്നും ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.