കാമുകിയുടെ ചിത്രങ്ങളും വിഡിയോകളും രഹസ്യമായി കോപ്പി ചെയ്ത സുഹൃത്തിനെ തല്ലിക്കൊന്ന് വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിയാണ് പ്ലസ്‌വണ്‍കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ അറസ്റ്റിലായത്. കൃത്യമായ ആസൂത്രണത്തോടെ വിളിച്ചുവരുത്തി ഹാമര്‍ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്ലസ്‌വണ്‍കാരനെ അന്ന് വൈകിയിട്ടും കാണാതായതോടെ വീട്ടുകാര്‍ മൊബൈലില്‍ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നാലെ കോച്ചിങ് സെന്ററുമായി ബന്ധപ്പെട്ടെങ്കിലും ക്ലാസ് നേരത്തേ കഴിഞ്ഞെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് കുടുംബം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയുടെ കൂടെയാണ് അവസാനമായി പ്ലസ്‌വണ്‍കാരനെ കണ്ടതെന്ന് അറിഞ്ഞു. പിന്നാലെ നടന്ന ചോദ്യംചെയ്യലിലാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
ആദ്യം കുറ്റം നിഷേധിച്ച പ്ലസ്ടുക്കാരന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുംവിധമാണ് കാര്യങ്ങള്‍ വിവരിച്ചത്. പിന്നാലെ നടന്നസംഭവം പൊലീസിനോട് പറഞ്ഞ് കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതി നല്‍കിയ മൊഴി അനുസരിച്ചുള്ള അന്വേഷണത്തില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം ഭവന്‍പൂരില്‍ നിന്നും കണ്ടെടുത്തു. ഒപ്പം കൊലയ്ക്കുപയോഗിച്ചെന്ന് കരുതുന്ന ഹാമറും പൊലീസ് കണ്ടെത്തി.
തന്റെ മൊബൈൽഫോൺ 8,000 രൂപയ്ക്ക് വിൽക്കുകയാണെന്ന് പറഞ്ഞ് പ്രതി സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ ഒന്നിച്ചിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് ഹാമറുപയോഗിച്ച് ആക്രമണം നടത്തിയത്. കൊലയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.