പുല്ലുമേട് വഴി ശബരിമലയിലേക്കുള്ള യാത്ര ദുർഘടമാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും പാറക്കെട്ടുകളും താണ്ടിവേണം സന്നിധാനത്തെത്താൻ. യാത്രക്കിടയിൽ വീണു പോകുന്നവർക്ക് ആശ്രയം വനം വകുപ്പും പൊലീസും അഗ്നിരക്ഷാസേനയുമാണ്.
കഠിനമായ കാനന യാത്രയിൽ കാലിടറിയവരെ സന്നിധാനത്ത് എത്തിക്കാനുള്ള ഓട്ടം പതിവാണ്. പൊലീസും, അഗ്നിരക്ഷാസേനയും വനപാലകരുമെല്ലാം കൊടും കാട്ടിലൂടെ കിലോമീറ്ററുകളോളം ഓടുകയാണ്. കാനന പാതയിൽ കയറിയവർ ഇരുട്ടുന്നതിന് മുൻപ് പാണ്ടിത്താവളത്തിലെ ചെക്ക് പോയിന്‍റിലെത്തിയില്ലെങ്കിൽ സ്ഥിതി പാടെ മാറും. സേനാ അംഗങ്ങൾ ഇവരെ തേടി വനത്തിലേക്ക് തിരിക്കും. പെരിയാർ കടുവാ സങ്കേതത്തിലൂടെയുള്ള അയ്യപ്പന്മാരുടെ യാത്രയിൽ തുണ അയ്യപ്പസ്വാമിമാത്രമല്ല. അതീവ സുരക്ഷ ഒരുക്കി ഭക്തരുടെ കൂടെ നിൽക്കുന്ന ഈ സേനകൾ കൂടിയാണ്.