പുതുവല്‍സരത്തെ ആഘോഷമായി വരവേല്‍ക്കാന്‍ പബ്ബിലേക്കെത്താന്‍ യുവാക്കള്‍ക്ക് കോണ്ടവും ഒആര്‍എസും വിതരണം ചെയ്തതില്‍ പബ്ബ് അധികൃതര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. പൂണെയിലെ ഹൈ സ്പിരിറ്റ്സ് പബ്ബിനെതിരെയാണ് പരാതി. ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായുള്ള ക്ഷണക്കത്തിനൊപ്പമാണ് കോണ്ടവും ഒആര്‍എസും വിതരണം ചെയ്തത്. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പബ്ബിലെത്തുന്നവരുടെ സുരക്ഷയെ മാത്രം ലക്ഷ്യമിട്ടാണ് ഇവ നല്‍കിയതെന്നും ദുരുദ്ദേശപരമായല്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
പബ്ബിനെതിരെ മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസംഗം മഹേഷ് ജെയിനാണ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പബ്ബുകള്‍ക്കും നൈറ്റ് ലൈഫിനും എതിരല്ലെന്നും എന്നാല്‍ പബ്ബിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി പബ്ബ് അധികൃതര്‍ ചെയ്ത നടപടി പൂണെ നഗരത്തിന്‍റെ സംസ്കാരത്തിനും പാരമ്പര്യത്തിനും ചേരാത്തതാണെന്നും അക്ഷയ് ജെയിന്‍ വിശദീകരിച്ചു. പബ്ബ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശമാണ് ഇവ യുവാക്കളിലേക്ക് നല്‍കുന്നത്. തെറ്റിദ്ധാരണകള്‍ വളര്‍ത്താനും മോശം സ്വഭാവങ്ങളിലേക്ക് നയിക്കാനും മാത്രമേ ഇത്തരം പ്രോല്‍സാഹനങ്ങള്‍ വഴി വയ്ക്കുകയുള്ളൂവെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു.
പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പബ്ബിലെത്തുകയും വിശദീകരണം തേടുകയുമായിരുന്നു. 'കോണ്ടം വിതരണം ചെയ്യുന്നത് കുറ്റമല്ലെ'ന്ന ഉറച്ച നിലപാടിലാണ് പബ്ബ് ഉടമകള്‍. യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവുമായ പെരുമാറ്റം പ്രോല്‍സാഹിപ്പിക്കുകയും മാത്രമാണ് ലക്ഷ്യമെന്നും പബ്ബ് ഉടമകള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.