പുതുവത്സര ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് ഫോർട്ട് കൊച്ചി. പ്രതീക്ഷിച്ചത് പോലെ രണ്ട് പാപ്പാഞ്ഞികളെ ഇക്കൊല്ലം കത്തിക്കില്ല. ജനുവരി ഒന്ന് വരെ ഔദ്യോഗിക ദുഃഖാചരണമായതിനാൽ കാർണിവൽ കമ്മിറ്റി നടത്തുന്ന ആഘോഷങ്ങൾ റദ്ദാക്കി.
വെളി ഗ്രൗണ്ടിലെ പടുകൂറ്റൻ മരം നീലവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. ചുറ്റും ആഘോഷം. സ്വദേശികളും വിദേശികളും അടക്കം പുതുവർഷം ആഘോഷിക്കാൻ വന്നവരെല്ലാവരും ഫോർട്ട് കൊച്ചിയുടെ തെരുവുകൾ കയ്യടക്കി കഴിഞ്ഞു. വെളി മൈതാനത്തിൽ ക്ലബുകൾ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിച്ചാണ് ഫോർട്ട് കൊച്ചി പുതുവത്സരത്തെ വരവേൽക്കുക.
16 ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ വരവോടുകൂടിയാണ് ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾ തുടങ്ങുന്നത്. ഇതവണ പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റി ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കില്ല. പുതുവൽസര റാലിയും കമ്മിറ്റി നേരിട്ട് നടത്തുന്ന ആഘോഷങ്ങളും മാറ്റിവച്ചു. മുൻ പ്രധാനമന്ത്രിയിൽ വിയോഗത്തിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. മാറ്റിവച്ച ആഘോഷ പരിപാടികൾ ഒന്നാം തീയതിക്ക് ശേഷം നടത്താൻ കലക്ടറോട് അനുമതി തേടും.