വീട്ടിൽ ട്യൂഷനെത്തിയ 15കാരനെ കടത്തിക്കൊണ്ടുപോയ 22കാരിക്കെതിരെ പോക്സോ കേസ്. ചെന്നൈയിലെ എംജിആർ നഗറിലാണ് സംഭവം. ട്യൂഷനു പോയ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ് കുട്ടിയെ പുതുച്ചേരിയിൽ നിന്ന് കണ്ടെത്തി. 15കാരന്റെ ട്യൂഷൻ അധ്യാപകന്റെ സഹോദരിക്കെതിരെയാണ് കേസ്.
ട്യൂഷൻ ടീച്ചറുടെ 22 കാരിയായ സഹോദരിയാണ് വിദ്യാർഥിയെ പുതുച്ചേരിയിലേക്ക് കടത്തിക്കൊണ്ടു പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പത്താം ക്ലാസ് പരീക്ഷയിൽ തോറ്റ വിദ്യാർഥി ട്യൂഷൻ ക്ലാസിലെത്തുകയും പിന്നീട് അധ്യാപകന്റെ ഇളയ സഹോദരിയുമായി അടുപ്പത്തിലാവുകയായിരുന്നു.
ഇവരുടെ ബന്ധത്തെപ്പറ്റി അറിഞ്ഞ കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. എന്നാൽ ഇരുവിഭാഗം ആളുകളും ചേർന്ന് പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. എന്നാൽ രണ്ടുദിവസം മുമ്പ് കുട്ടിയെ കാണാതായതിനത്തുടർന്ന് വീട്ടുകാർ വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും നാട് വിടാൻ സഹായിച്ച സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.