ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ട്രെയിന്‍ കടന്നുപോകാനിരിക്കെ ട്രാക്കില്‍ ഇരുമ്പ് ഗേറ്റ് കണ്ടെത്തി. ചൊവ്വാഴ്ച രാത്രി തപ്രി സ്റ്റേഷന് സമീപമാണ് സംഭവം. ആനന്ദ് വിഹാർ-കോട്ദ്വാർ എക്‌സ്പ്രസ് കടന്നുപോകാനിരിക്കെയാണ് ട്രാക്കിന് കുറുകെ ഗേറ്റ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. വന്‍ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
തപ്രി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ് ട്രാക്കില്‍ റെയില്‍വേ ഗേറ്റ് കണ്ടെത്തിയത്. പുലർച്ചെ 1 മണിയോടെയാണ് സംഭവം. ട്രാക്കില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഗേറ്റ്മാനാണ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 5 അടി മുതൽ 4 അടി വരെ വലിപ്പമുള്ള ഇരുമ്പ് ഗേറ്റാണ് ട്രാക്കില്‍ കണ്ടെത്തിയത്. ഗേറ്റിന് 50 കിലോയിലധികം ഭാരമുണ്ടെന്ന് സഹരൺപൂർ സർക്കിൾ ഓഫീസർ (ജിആർപി) ശ്വേത അശുതോഷ് ഓജ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രണ്ടോ അതിലധികമോ ആളുകൾക്ക് ഒരുമിച്ച് പ്രയത്നിച്ചാല്‍ മാത്രമേ ഇത് ട്രാക്കിലെത്തിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
സംഭവം അട്ടിമറി ശ്രമമായി കണക്കാക്കുന്നുവെന്ന് താപ്രി സ്റ്റേഷൻ സൂപ്രണ്ട് സുനിൽ കുമാർ വ്യക്തമാക്കി. ഈ സമയം ട്രെയിന്‍ കടന്നുപോയിരുന്നെങ്കില്‍ വൻ അപകടം സംഭവിക്കുമായിരുന്നു. റെയിൽവെ പൊലീസും (ജിആർപി) റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ചേര്‍ന്നാണ് (ആർപിഎഫ്) സംഭവം അന്വേഷിക്കുന്നത്. ഇതേതുടര്‍ന്ന് 15 മിനിറ്റോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ നിയമത്തിലെ സെക്ഷൻ 150 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.