wedding

പ്രതീകാത്മക ചിത്രം

തന്നെയും ആറുമക്കളെയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭര്‍ത്താവിന്‍റെ പരാതി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. രാജേശ്വരിയെന്ന 36കാരിയാണ് ഭര്‍ത്താവ് കാളയെ വിറ്റ് വീട്ടില്‍ വച്ചിരുന്ന പണവുമായി പച്ചക്കറിയും വസ്ത്രവും വാങ്ങി വരാമെന്ന് പറഞ്ഞ് കാമുകനൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവായ രാജുവിന്‍റെ പരാതിയില്‍ പൊലീസ് ഭാരതീയ ന്യായ സംഹിത അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

ഹര്‍ദോയിലെ ഹര്‍പല്‍പുര്‍ സ്വദേശിയാണ് രാജു. 45കാരനായ നാനെ പണ്ഡിറ്റെന്ന യാചകനൊപ്പമാണ് ഭാര്യ ഒളിച്ചോടിയതെന്നും ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും രാജുവിന്‍റെ പരാതിയില്‍ പറയുന്നു. വീട്ടില്‍ ഭിക്ഷ യാചിച്ചെത്തിയാണ് നാനെ തന്‍റെ ഭാര്യയെ പരിചയപ്പെട്ടതെന്നാണ് രാജുവിന്‍റെ വാദം. ജനുവരി മൂന്നാം തീയതി ഉച്ചയോടെയാണ് രാജേശ്വരിയെ കാണാതായത്.

ചന്തയില്‍ പോയി പച്ചക്കറിയും വസ്ത്രങ്ങളും വാങ്ങി വേഗം വരാമെന്ന് മകളോട് പറഞ്ഞിട്ടായിരുന്നു പോയതെന്ന് രാജു പൊലീസിന് മൊഴി നല്‍കി. വൈകുന്നേരമായിട്ടും ഭാര്യയെ കാണാതായതോടെ താന്‍ തിരച്ചില്‍ ആരംഭിച്ചുവെന്നും കണ്ടെത്താനായില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് വീട്ടില്‍ വിശദമായി പരിശോധന നടത്തിയതോടെയാണ് കാളയെ വിറ്റ് താന്‍ സൂക്ഷിച്ച പണം കാണുന്നില്ലെന്നതും ശ്രദ്ധയില്‍പ്പെട്ടത്. നാനയെയാണ് തനിക്ക് സംശയമെന്നും രാജു പരാതിയില്‍ എഴുതിയിട്ടുണ്ട്. 

സ്ത്രീയെ ബലംപ്രയോഗിച്ചോ അല്ലാതെയോ തട്ടിക്കൊണ്ട് പോവുക, ബലപ്രയോഗത്തിലൂടെ വിവാഹം കഴിക്കുക, മദ്യമോ മറ്റ് ലഹരി വസ്തുക്കളോ നല്‍കി മയക്കി ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നീ കുറ്റങ്ങള്‍ ചെയ്താല്‍ 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് നാനെക്കെതിരെ ചുമത്തിയിരിക്കുന്ന 87–ാം വകുപ്പ്. 

ENGLISH SUMMARY:

A 36-year-old woman from Uttar Pradesh's Hardoi district has allegedly abandoned her husband and six children to elope with a beggar.