തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുമായി ആറുപേര്‍ മരിക്കാനിടയായത് പൊലീസിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച മൂലം. മണിക്കൂറുകള്‍ വരിനിന്നവര്‍ക്കു മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഗേറ്റ് തുറന്നു നല്‍കിയതാണ് അപകടത്തിലേക്ക് നയിച്ചത്. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്.
വൈകുണ്ഠ ഏകാദശി സമയത്തു മാത്രമാണു ക്ഷേത്രത്തിന്‍റെ സ്വര്‍ണ ഇടനാഴിയില്‍ കൂടി വെങ്കിടേശ്വര ദര്‍ശനമുള്ളത്. ഇതിനായി ടോക്കണ്‍ എടുക്കാന്‍ നാലായിരത്തിലേറെ പേരാണ് ഇന്നലെയെത്തിയത്. ആദ്യം ജീവകോണ സ്കൂളിലെ കൗണ്ടറിനു മുന്നിലാണു തിക്കും തിരക്കും തുടങ്ങിയത്. തിക്കിലും തിരക്കിലുംപെട്ട് സേലം സ്വദേശിനിയായ യുവതി ശ്വാസം മുട്ടി മരിച്ചു. തൊട്ടു പിറകെ ഭൈരഗിപട്ടേഡയിലെ പാര്‍ക്കിലും തിക്കും തിരക്കുമുണ്ടായി. പെട്ടെന്ന്, ഗേറ്റ് തുറന്നതോടെ ആളുകള്‍ കൗണ്ടറുകളിലേക്ക് ഇടിച്ചുകയറാന്‍ നോക്കി. നിലത്തുവീണ അഞ്ചു പേരാണു മരിച്ചത്. പൊലീസ് മുന്നറിയിപ്പില്ലാതെ ഗേറ്റ് തുറന്നതാണ് അപകട കാരണമെന്നാണു സൂചന
മരിച്ചവരില്‍ മൂന്നുപേര്‍ വിശാഖപട്ടണം സ്വദേശികളും മറ്റൊരാള്‍ കര്‍ണാടക ബെല്ലാരിയില്‍ നിന്നുള്ളവരുമാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചികിത്സയില്‍ കഴിയുന്നരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അപകടത്തെ കുറിച്ചു വിശദമായ അന്വേഷണത്തിന് ആന്ധ്രാസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.