ട്രെയിനില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെടുന്നതും ടിടിഇ ആക്രമിക്കപ്പെടുന്നതും സ്ഥിരസംഭവമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോള്‍. ട്രെയിന്‍ യാത്രയിലെ സുരക്ഷിതത്വം പോലും അങ്ങേയറ്റം ചര്‍ച്ച ചെയ്യപ്പെടുന്നതും ഈ സാഹചര്യത്തിലാണ്. ഇപ്പോഴിതാ അമൃത്‌സര്‍–കതിഹാര്‍ എക്‌സ്‌പ്രസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. യാത്രക്കാരനെ ടിടിഇയും കോച്ച് അറ്റന്‍ഡറും ചേര്‍ന്ന് തല്ലിപ്പതം വരുത്തുന്ന വിഡിയോ ആണിത്.
ഈ യാത്രക്കാരന്‍ മദ്യപിച്ച് ടിടിഇയോട് മോശമായി പെരുമാറിയെന്നതാണ് ഈ ക്രൂരമര്‍ദനത്തിനു കാരണം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ബിഹാറിലെ സിവാനില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഷെയ്ഖ് താസുദ്ദീന്‍ എന്ന ട്രക്ക് ഡ്രൈവര്‍ക്കാണ് അതിക്രൂരമായ മര്‍ദനം ഏറ്റുവാങ്ങേണ്ടിവന്നത്. വിക്രം ചൗഹാന്‍, സോനു മഹാതോ എന്നീ കോച്ച് അറ്റന്‍ഡര്‍മാരുമായി താസുദ്ദീന്‍ മദ്യപിച്ചെന്നാണ് സഹയാത്രക്കാര്‍ പറയുന്നത്. അതേസമയം വനിതാ യാത്രക്കാരോട് മോശമായി പെരുമാറിയതിനാണ് ഇയാളെ മര്‍ദിച്ചതെന്നും പ്രശ്നത്തില്‍ ഇടപെടാനെത്തിയ ടിടിഇയെ ആക്രമിച്ചെന്നും റയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ടിടിഇയും കോച്ച് അറ്റന്‍ഡന്റും ചേര്‍ന്ന് താസുദ്ദീനെ മര്‍ദിക്കുന്നതാണ് വിഡിയോയില്‍ കാണാനാവുക. ടിടിഇ ഇയാളുടെ തലയ്ക്കു മുകളിലിരിക്കുന്നതും അറ്റന്‍ഡര്‍ കാലിലും നടുവിലും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. തസുദ്ദീനെ നിലത്തു കമിഴ്ത്തി കിടത്തിയാണ് മര്‍ദനം. കോച്ച് അറ്റന്‍ഡന്റ് ബെല്‍റ്റ് ഉപയോഗിച്ചും യാത്രക്കാരനെ മര്‍ദിക്കുന്നുണ്ട്.
കോച്ച് അറ്റന്‍ഡന്റ് താസുദീന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നും മദ്യപിക്കാന്‍ കൂടെക്കൂടിയെന്നും സഹയാത്രക്കാരന്‍ പറയുന്നു. ഇടയ്ക്ക് അറ്റന്‍ഡന്റിനോട് തസുദീന്‍ തട്ടിക്കയറി. പിന്നാലെ ഇവര്‍ ടിടിഇയെ വിളിച്ചുവരുത്തി. തുടര്‍ന്നുണ്ടായ വാക്‌തര്‍ക്കത്തില്‍ യാത്രക്കാരന്‍ ടിടിഇയെ അടിച്ചെന്നും ഇയാള്‍ വ്യക്തമാക്കുന്നു. പ്രശ്നം വഷളായതോടെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍വച്ച് തസുദ്ദീനെ ട്രെയിനില്‍ നിന്നും ഇറക്കി.
ടിടിഇയെയും റെയില്‍വെപൊലീസ് കസ്റ്റഡിയിലെടുത്തു. ആ സമയം കോച്ച് അറ്റന്‍ഡന്റിനെ കാണാതായെന്നും യാത്രക്കാര്‍ പറയുന്നു. തസുദ്ദീന്റെ പരാതിയില്‍ ടിടിഇക്കും അറ്റന്‍ഡര്‍മാര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക നടപടിയെന്ന നിലയില്‍ ടിടിഇയെ റയില്‍വേ സസ്പെന്‍ഡ് ചെയ്തു. അറ്റന്‍ഡര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി റയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം തസുദ്ദീനെതിരെയും ചില യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.