ഉത്തര്‍പ്രദേശിലെ ബദൗനില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്കയെയും പേരക്കുട്ടിയെയും അടിച്ചുകൊന്നു. ഹയാത്ത് നഗര്‍ സ്വദേശി ഗീതാദേവിയും (55) മൂന്നുവയസുള്ള പേരക്കുട്ടി കല്‍പനയുമാണ് കൊല്ലപ്പെട്ടത്. ദേവിയുടെ ഭര്‍ത്താവ് രാംനാഥ് ജോലിക്കായി ഗ്രാമത്തിന് പുറത്തായിരുന്നു. സംഭവമറിഞ്ഞ് ബദൗന്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ സിങ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് ടീമും തെളിവുകള്‍ ശേഖരിച്ചു. ഭാരമുള്ള ആയുധം കൊണ്ട് തച്ചുതകര്‍ത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍.
പ്രാഥമികാന്വേഷണത്തില്‍ രാംനാഥിന്‍റെ കുടുംബവും സമീപത്തുള്ള മറ്റൊരു കുടുംബവും തമ്മില്‍ ദീര്‍ഘകാലമായി വിരോധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. രാംനാഥ് തിരിച്ചെത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രാംലാലിന്‍റെ മകന്‍ 10 വര്‍ഷം മുന്‍പ് സമീപവാസിയായ പ്രേം പാലിന്‍റെ മകളുമായി നാടുവിട്ടുപോയി വിവാഹിതരായിരുന്നു. ഇതാണ് പകയുണ്ടാകാന്‍ കാരണം. പ്രേം പാലും മകന്‍ ബ്രിജേഷുമാണ് തന്‍റെ ഭാര്യയെയും പേരക്കുട്ടിയെയും കൊന്നതെന്ന് രാംനാഥ് പരാതി നല്‍കി.
രാംനാഥിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബദൗന്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്എസ്പി അറിയിച്ചു. ആരോപണവിധേയരായ പ്രേം പാലിനെയും മകനെയും കണ്ടെത്താന്‍ തിരച്ചിലാരംഭിച്ചു. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പരാതിയില്‍ പറയുന്നവര്‍ തന്നെയാണോ കൊലനടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.