ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്‍റെ ഭാര്യ ലൊറീൻ പവല്‍ എത്തുമെന്ന് സ്വാമി കൈലാശാനന്ദ് ജി മഹാരാജ്. ലൊറീൻ പവലിന് 'കമല' എന്ന ഹിന്ദു നാമമാണ് തങ്ങൾ നൽകിയതെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. ‘അവൾ അവളുടെ ഗുരുവിനെ കാണാനാണ് വരുന്നത്. ഞങ്ങളുടെ കമല, അവൾ ഞങ്ങൾക്ക് മകളെപ്പോലെയാണ്. ഇത് രണ്ടാം തവണയാണ് അവൾ ഇന്ത്യയിലേക്ക് വരുന്നത്... ഏവർക്കും കുംഭമേളയിലേക്ക് സ്വാഗതം’ അദ്ദേഹം പറഞ്ഞു.
നിരഞ്ജനി അഖാരയിലെ സ്വാമി കൈലാശാനന്ദയുടെ ആശ്രമത്തില്‍ ലൊറീൻ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ചടങ്ങുകളിൽ പങ്കെടുക്കുകയും വിശുദ്ധ സ്നാനം നടത്തുകയും ചെയ്യും. ‘അവള്‍ ധ്യാനിക്കാനായാണ് വരുന്നത്. നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ച് അറിയാത്തവർ പഠിക്കാൻ ആഗ്രഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിരവധി ആളുകൾ മഹാകുംഭമേളയ്ക്ക് വരുന്നു. ലോകമെമ്പാടുമുള്ളവരും ഇന്ത്യക്കാരും അനുഗ്രഹത്തിനായി എത്തിച്ചേരുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.
മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി നേരത്തെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക് വ്യക്തമാക്കിയിരുന്നു. എല്ലാവരെയും അദ്ദേഹം കുംഭമേളയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ജനുവരി 13ന് ആരംഭിക്കാനിരിക്കുന്ന മഹാകുംഭമേളയ്ക്കായി പ്രത്യേക എഫ്.എം. റേഡിയോ ചാനൽ ‘കുംഭവാണി’യുമായി പ്രസാർഭാരതിയും എത്തിയിട്ടുണ്ട്. 12 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്നത്. 45 കോടിയിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 26ന് മഹാ കുംഭം സമാപിക്കും. പ്രധാന സ്നാന ചടങ്ങുകൾ (ഷാഹി സ്നാൻ) ജനുവരി 14 (മകര സംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) തീയതികളിൽ നടക്കും.