വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചതായും മറ്റ് നാല് സ്ത്രീകള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും റിപ്പോര്‍ട്ട്. ബുധനാഴ്ച സിസേറിയനിലൂടെയാണ് എല്ലാ പ്രസവങ്ങളും നടന്നത്. വെള്ളിയാഴ്ച രാവിലെ യുവതികളില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. മറ്റ് നാല് പേർ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. യുവതികള്‍ക്ക് കുത്തിവച്ച സലൈന്‍ കാലഹരണപ്പെട്ടതാണെ്ന് ആരോപിച്ച് അഞ്ച് സ്ത്രീകളുടെയും കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
റിങേഴ്സ് ലാക്റ്റേറ്റ് ലായനി (ആർഎൽ) കുത്തിവച്ചതോടെ അഞ്ച് യുവതികളും മൂത്രമൊഴിക്കുന്നത് നിർത്തിയതായി കുടുംബങ്ങൾ പറയുന്നു. വ്യാഴാഴ്ചയോടെ ഇവരെ ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ യുവതികളിലൊരാളായ മാമോണി റൂയിദാസ് മരിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ 13 അംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഒബ്‌സ്റ്റട്രിക്‌സ്, ഗൈനക്കോളജി, കാർഡിയോളജി സ്‌പെഷ്യലിസ്റ്റുകൾ, സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയതാണ് സമിതി. ശനിയാഴ്ച സമിതി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും.
അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഉടന്‍ റിപ്പോർട്ട് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് ജയന്ത റാവുത്ത് പറഞ്ഞു. അടിയന്തര യോഗം വിളിച്ചതായും അദ്ദേഹം വ്യക്തമാക്കി. യുവതികളുടെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി വെസ്റ്റ് മിഡ്‌നാപൂർ സിഎംഒ സൗമ്യ ശങ്കർ സാരംഗി കൂട്ടിച്ചേർത്തു. ആർഎൽ ലായനി ഉപയോഗിച്ചത് മാത്രമാണ് മരണകാരണമെന്ന് പറയാന്‍ കഴിയില്ല. മറ്റ് ഘടകങ്ങളും കാരണമായേക്കാം. ഉപയോഗിച്ച ലായനിയുടെ സാമ്പിവുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാല്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും സൗമ്യ പറയുന്നു.
ബുധനാഴ്ച മാമോണി ആരോഗ്യവാനായ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയെന്നും എന്നാല്‍ ഇപ്പോള്‍ കുട്ടി ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ചികിത്സയിലാണെന്നും മാമോനിയുടെ ഭർത്താവ് ദേബാഷിസ് പറഞ്ഞു. തെറ്റായ ചികിത്സയും മുതിർന്ന ഡോക്ടർമാരുടെ അഭാവവും കാരണം തന്‍റെ കുഞ്ഞങ്ങള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച, മറ്റ് നാല് സ്ത്രീകളുടെ ഭർത്താക്കന്മാരും ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. പരാതിയെത്തുടർന്ന് അഞ്ച് സ്ത്രീകളെയും ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.