ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കവേ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്‍റെ ഭാര്യ ലൊറീൻ പവലിന് ദേഹാസ്വസ്ഥ്യം. ജനത്തിരക്ക് മൂലമാണ് ലൊറീന്‍ പവലിന് ദേഹാസ്വാസ്ഥ്യമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാശാനന്ദയുടെ നേതൃത്വത്തിലുള്ള ക്യാംപിലാണ് ലൊറീന്‍ പവല്‍ ഇപ്പോഴുള്ളത്.
‘കുംഭമേളയിലെ ജനത്തിരക്കാണ് അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയത്. അലര്‍ജിയുടെ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്.ഇത്രയും വലിയ ജനക്കൂട്ടത്തിനിടയില്‍ അവര്‍ ആദ്യമായാണ് എത്തുന്നത്. അന്തരീക്ഷത്തിലെ മാറ്റവും കാരണമായിട്ടുണ്ട്. ഇപ്പോള്‍ അവര്‍ ക്യാംപില്‍ വിശ്രമത്തിലാണ് ’ സ്വാമി കൈലാഷാനന്ദ് ഗിരി പറഞ്ഞു.
വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയാണവർ. നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവർ കുംഭമേളയ്ക്കെത്തിയത്. ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ ത്രിവേണി സംഗമത്തിൽ മുങ്ങിനിവരുന്ന ചടങ്ങിൽ അവര്‍ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.
കുംഭമേളയിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ച വൈകീട്ടാണ് ലോറീൻ പവൽ ജോബ്സ് പ്രയാഗ്‌രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരി ആശ്രമത്തിലെത്തിയത്. കുംഭമേളയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകളിൽ അവർ തിങ്കളാഴ്ച പങ്കെടുത്തിരുന്നു.കുംഭമേളയില്‍ പങ്കെടുക്കവെ ‘കമല’ എന്ന പേര് അവർ സ്വീകരിച്ചിരുന്നു.
കുംഭമേളയ്ക്കെത്തുന്നതിനുമുൻപ് ഈ മാസം 11ന് അവർ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശിവലിംഗത്തില്‍ സ്പര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല. അഹിന്ദുക്കള്‍ക്ക് ശിവലിംഗത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്ന ആചാരമുള്ളതിനാലാണ് വിലക്കിയതെന്നും ആചാരം സംരക്ഷിക്കുക തന്‍റെ ഉത്തരവാദിത്വമാണെന്നും സ്വാമി കൈലാഷാനന്ദ് ഗിരി പറഞ്ഞു.
12 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്നത്. ഫെബ്രുവരി 26ന് മഹാ കുംഭമേള സമാപിക്കും.