ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ തിങ്കളാഴ്ച രാവിലെയാണ് മഹാകുംഭമേളയ്ക്ക് തുടക്കമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഒന്നിച്ച് പങ്കെടുക്കുന്നൊരു ചടങ്ങാണ് മഹാകുംഭമേള. ഇത്തവണത്തെ മഹാകുംഭമേളയ്ക്ക് 40 കോടിയോളം പേരെങ്കിലും എത്തിക്കുമെന്നാണ് കരുതുന്നത്. യുഎസിന്‍റെയും റഷ്യയുടെയും ജനസംഖ്യയേക്കാള്‍ വലുതാണ് ഈ സംഖ്യ. ആദ്യ ദിനം 60 ലക്ഷത്തിന് മുകളില്‍ വിശ്വാസികള്‍ മഹാസ്നാനം നടത്തി.
ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് ഇത്തവണ മഹാകുംഭമേള. 4000 ഹെക്ടറിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. 45 ദിവസത്തെ പരിപാടിക്ക് 7000 കോടി രൂപയാണ് ബജറ്റ്. എന്നാലിത് ലക്ഷക്കണക്കിന് കോടിയുടെ വരുമാന ഉത്തേജനമാണ് ഉത്തര്‍പ്രദേശിന്‍റെ സാമ്പത്തിക രംഗത്തുണ്ടാക്കുന്നത്.
40 കോടി പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മേളയില്‍ ഒരോരുത്തരുടെയും ശരാശരി ചെലവ് 5,000 രൂപ വീതമായി കണക്കാക്കിയാല്‍ ഉത്തര്‍പ്രദേശിന്‍റെ അക്കൗണ്ടിലെത്തുക 2 ലക്ഷം കോടി രൂപയാണ്. ഇത് 4 ലക്ഷം കോടി രൂപ വരെ ഉയരാമെന്നാണ് ന്യൂസ് ഏജന്‍സിയായ ഐഎഎൻഎസിന്‍റെ റിപ്പോര്‍ട്ട്. ഒരോരുത്തരുടെയും വ്യക്തിഗത ചെലവ് 10,000 രൂപയായി കണക്കാക്കിയാല്‍ 4 ലക്ഷം കോടി രൂപയാകും സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന മുന്നേറ്റം.
അര്‍ധ കുംഭമേള നടന്ന 2019 ല്‍ 1.20 ലക്ഷം കോടി രൂപ സംസ്ഥാനത്തിന്‍റെ സമ്പദ്‍വ്യവസ്ഥയിലേക്ക് എത്തിയെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. 24 കോടി തീര്‍ഥാടകരാണ് 2019 ലെ കുംഭമേളയില്‍ പങ്കെടുത്തത്. 40 കോടി തീര്‍ഥാടകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനം സമ്പദ്‍വ്യവസ്ഥയില്‍ ഉണ്ടാകുമെന്നും അദ്ദേഹം ഈയിടെ പറഞ്ഞിരുന്നു.
ഫുഡ് ആന്‍ഡ് ബിവറേജ് ആണ് മഹാകുംഭമേളയുടെ ഭാഗമായി വലിയ ഉത്തേജനമുണ്ടാക്കുന്ന സെക്ടര്‍ എന്നാണ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് കോണ്‍ഫെഡറേഷന്‍റെ (സിഎഐടി) വിലയിരുത്തല്‍. പാക്കേജ്ഡ് ഫുഡ്സ്, കുപ്പിവെള്ളം, ബിസ്ക്കറ്റ്, ജ്യൂസ് എന്നിവ ഉള്‍പ്പെടുന്ന വിപണിയില്‍ 20,000 കോടി രൂപയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.
എണ്ണ, വിളക്ക്, ഗംഗാ ജലം, ചന്ദനതിരി, മതപരമായ പുസ്തകങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെയും 20,000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിക്കുന്നു. ചരക്കുഗതാഗതം, ടൂറിസം, ട്രാവല്‍ പാക്കേജ് സെക്ടറുകളില്‍ 10,000 കോടി രൂപ വീതം ഉത്തേജനം മഹാകുംഭമേളയിലൂടെ ഉണ്ടാകും.
താല്‍ക്കാലിക മെഡിക്കല്‍ ക്യാംപ്, ആയുര്‍വേദ ഉത്പ്പന്നങ്ങള്‍, മരുന്നുകള്‍ 3,000 കോടി രൂപയുടെ വില്‍പ്പന കൊണ്ടുവരും. ഇ-ടിക്കറ്റിംഗ്, ഡിജിറ്റൽ പേയ്‌മെൻ്റുകൾ, വൈഫൈ സേവനങ്ങൾ, മൊബൈൽ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ മേഖലകളിൽ 1,000 കോടി രൂപയുടെ ബിസിനസാണ് സംഘടനം പ്രതീക്ഷിക്കുന്നത്.