ഛത്തീസ്ഗഡില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. രാവിലെ ഒന്‍പത് മണിയോടെ തെക്കന്‍ ബിജാപുറിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പ് വൈകുന്നേരം വരെ നീണ്ടുവെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാസേനയുടെയുടെയും പൊലീസിന്‍റെയും സംയുക്ത സംഘമാണ് തിരച്ചിലിനിടെ മാവോയിസ്റ്റുകളെ കണ്ടത്. സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നും പ്രതിരോധിച്ച സേന 12 മാവോയിസ്റ്റുകളെ വധിച്ചുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി ജില്ലാ റിസര്‍വ് ഗാര്‍ഡ് വക്താവും സ്ഥിരീകരിച്ചു. ഏറ്റുമുട്ടലിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോബ്രയുടെ അഞ്ച് ബറ്റാലിയനും സിആര്‍പിഎഫ് സംഘവുമാണ് പൊലീസ് സംഘത്തിന് പുറമെ ഓപ്പറേഷനില്‍ പങ്കെടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരുക്കേറ്റതായി സ്ഥിരീകരണമില്ല.
ഇതോടെ 26 മാവോയിസ്റ്റുകളാണ് ഈ മാസം മാത്രം ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനുവരി 12ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് മാവോയിസ്റ്റുകള്‍ ബിജാപുറില്‍ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ വര്‍ഷം 216 മാവോയസിറ്റുകളെയാണ് സുരക്ഷാസേന ഛത്തീസ്ഗഡില്‍ മാത്രം വധിച്ചത്.