maoist-chetting-3

TOPICS COVERED

കാട്ടിലെ ജീവിതം അവസാനിപ്പിച്ചു കീഴടങ്ങിയ മാവോയിസ്റ്റുകള്‍ കര്‍ണാടക പൊലീസിനെ വട്ടം കറക്കുന്നു. കീഴടങ്ങുന്ന സമയത്ത് കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ കൈമാറിയില്ല. എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ കാട്ടിലൊളിപ്പിച്ച ശേഷമാണ് വയനാട് സ്വദേശിയടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രിക്കു മുന്‍പാകെ കീഴടങ്ങിയത്. 

 

മാവോയിസ്റ്റ് പുനരധിവാസ കമ്മിറ്റിയുമായി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു കബനി ദളത്തിലെ പ്രമുഖയായ ആറു പേര്‍ കീഴടങ്ങിയത്. ഉഡുപ്പിയില്‍ കൊല്ലപ്പെട്ട നേതാവ് വിക്രം ഗൗഡയുടെ അടുത്ത അനുയായി ലത മുണ്ട്ഗാരു മലയാളി ജിഷ, വനജാക്ഷി, മാരപ്പ അറോട്ടി, കെ.വസന്ത്, സുന്ദരി കട്ടാരുലു എന്നിവര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിലാണു സാധാരണ ജീവിത്തതിലേക്കെത്തിയത്. ചിക്കമംഗളുരു ജില്ലയിലെ പശ്ചിമ ഘട്ടമേഖല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

എന്നാല്‍ കീഴടങ്ങുന്ന സമയത്ത് ആറുപേരും ആയുധങ്ങള്‍ കൈമാറിയില്ല. കൃത്യമായ വിവരം നല്‍കിയില്ല. എ.കെ. 47ഉം മെഷീന്‍ ഗണ്ണും അടക്കമുള്ള അത്യാധുനിക ആയുധങ്ങളുമായി നില്‍ക്കുന്ന ഫോട്ടോകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കീഴടങ്ങാന്‍ തീരുമാനിച്ചതിനു പിന്നാലെ ആയുധങ്ങള്‍ ഉള്‍ക്കാട്ടില്‍ ഉപേക്ഷിച്ചെന്നാണ് മൊഴി. ഈ വനമേഖലയെ കുറിച്ചു പൊലീസിനു കൃത്യമായ അറിവുമില്ല. റിമാന്‍ഡില്‍ കഴിയുന്നവരെ കോടതിയില്‍ അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങി വനത്തിലെത്തി തിരച്ചില്‍ നടത്താനാണു തീരുമാനം. ഇതോടെ കീഴടങ്ങിയ മാവോയിസ്റ്റുകള്‍ പൊലീസിനെ കബളിപ്പിച്ചോയെന്ന സംശയവും ഉയരുന്നുണ്ട്.

ENGLISH SUMMARY:

Surrendered Maoists didn’t produce weapons: Karnataka Home Minister