കൊല്‍കത്ത ജാദവ്പൂരില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബസിടിച്ചു മരിച്ചു. ബൈക്കിന് പിന്നില്‍ ഇടിച്ച ബസിനടിയില്‍പ്പെട്ട ദേബശ്രീ നസ്കര്‍ മൊണ്ടല്‍ (29)ആണ് മരിച്ചത്. കൊല്‍ക്കൊത്ത 8ബി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. ദേബശ്രീ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ബസിന്‍റെ ടയറിനടിയില്‍ പെട്ട് ഹെല്‍മറ്റ് പൂര്‍ണമായും തകര്‍ന്നു. രക്തത്തില്‍ കുളിച്ച അവസ്ഥയിലാണ് ആശുപത്രിയിലെത്തിക്കുന്നത്.
നാലുവയസുകാരി അങ്കിതയെ ധക്കൂരിയയിലെ ബിനോദിനി ഗേൾസ് ഹൈസ്‌കൂളിലെത്തിക്കാന്‍ രാവിലെ 6 മണിയോടെയാണ് കുടുംബം ഈസ്റ്റ് രാജാപൂരിലെ വസതിയിൽ നിന്ന് പുറപ്പെടുന്നത്. 8B ബസ് സ്റ്റാൻഡ് കടന്ന് സിഗ്നലില്‍ ബൈക്ക് നിര്‍ത്തി. സിഗ്നല്‍ പച്ചയായ ഉടന്‍ പിന്നിലുണ്ടായിരുന്ന സർക്കാർ ബസ് ബൈക്കിന്‍റെ പിന്നില്‍ ഇടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തപസും അങ്കിതയും ഇടതുവശത്തേക്ക് വീണപ്പോൾ ദേബശ്രീ മറുവശത്തേക്ക് വീണു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുപോയ അങ്കിതയെ റോഡരികിലെ കടയില്‍ ചായകുടിക്കുകയായിരുന്ന ഓട്ടോഡ്രൈവര്‍ ഗുല്‍സന്‍ ആലം കൈകളില്‍ താങ്ങി. മുഖത്തും കാലുകളിലും കൈകളിലും ചെറിയ മുറിവുകളോടെ അങ്കിത രക്ഷപ്പെട്ടു. അപകടത്തില്‍ തപസിനും പരുക്കേറ്റിട്ടുണ്ട്. ബസിന്‍റെ ടയര്‍ തലയിലൂടെ കയറിയിറങ്ങിയ ദേബശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തപസിന് കൈകളിലും കാലുകളിലും ഒന്നിലധികം ഒടിവുകളുണ്ട്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
സംഭവത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഗതാഗത മന്ത്രി അറിയിച്ചു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയാണെന്നും അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ജാദവ്പൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇത് ട്രാഫിക് പൊലീസിന്‍റെ ഫാറ്റൽ സ്ക്വാഡിന് കൈമാറാൻ സാധ്യതയുണ്ട്. അതേസമയം സർക്കാർ ബസിന് എതിരായ കേസായതിനാൽ പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നു എന്ന് കുടുംബം ആരോപിച്ചു.
അപകടം എങ്ങനെ സംഭവിച്ചുവെന്നതില്‍ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. 8B ബസ് സ്റ്റാൻഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ബസ് സ്റ്റാന്‍ഡ് വിട്ട് വരുന്നത് പതിഞ്ഞിട്ടുണ്ട്. ഈ സമയം ബസിന്‍റെ പിന്നില്‍ 80 മീറ്റർ അകലത്തിലായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ബസ്. സിഗ്നൽ ഉള്ളതിനാൽ അമിത വേഗതയില്ലായിരുന്നു വാഹനങ്ങള്‍. പിന്നീട് സിഗ്നലില്‍ എത്തിയപ്പോള്‍ ബൈക്ക് വലതുവശത്തുകൂടി വാഹനങ്ങളുടെ മധ്യഭാഗത്തേക്ക് നീങ്ങി. ഒരു സ്വകാര്യ ബസും മുന്നിലുണ്ടായിരുന്നു. സര്‍ക്കാര്‍ ബസിന്‍റെ പിന്നിലും മറ്റൊരു സ്വകാര്യ ബസ് ഉണ്ടായിരുന്നു. ബൈക്ക് മറ്റൊരു വാഹനത്തിൽ തട്ടിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വാഹനം ബൈക്കില്‍ തട്ടുകയോ ആയിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. അപകടം എങ്ങിനെ ഉണ്ടായെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ ദൃക്സാക്ഷികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.