ശബരിമല സീസണിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ എരുമേലിയിലെ വാഹനാപകടനിരക്ക് പകുതിയായി കുറഞ്ഞെന്ന് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞതവണ 68 അപകടങ്ങൾ ഉണ്ടായെങ്കിൽ ഇത്തവണ അപകടങ്ങൾ 33 എണ്ണം മാത്രമാണ്. മോട്ടോർ വാഹനവകുപ്പിന്‍റെ സേഫ് സോൺ ടീമിനായിരുന്നു എരുമേലിയിലെ ചുമതല.
ഈ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 42.48,000 ത്തിലധികം തീർത്ഥാടകർ എരുമേലിയിൽ എത്തിയെന്നാണ് മോട്ടോർ വാഹനവകുപ്പിൻ്റെ കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.71 ലക്ഷം പേർ കൂടുതൽ. എരുമേലി പൊൻകുന്നം, എരുമേലി മുണ്ടക്കയം, എരുമേലി കണമല റോഡുകളിലായി കഴിഞ്ഞ തവണ 68 അപകടങ്ങൾ ഉണ്ടായപ്പോൾ അത് ഇത്തവണ 33 മാത്രം.5 വലിയ അപകടങ്ങൾ 2 ആയി കുറഞ്ഞു. 64 പേർക്കാണ് കഴിഞ്ഞ സീസണിൽ പരുക്കേറ്റതെങ്കിൽ ഇത്തവണ 33 ആയി.
എരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള റോഡില്‍ വളവും തിരിവും ഏറെ. ഇതുവഴിയുള്ള യാത്രക്കിടയിൽ വാഹനം കേടായാലോ അപകടംപറ്റിയാലോ ഉടനടി തന്നെ മോട്ടോർ വാഹന വകുപ്പിന്‍റെ സേഫ് സോൺ വാഹനം എത്തും. വഴിയരികിൽ പണിമുടക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപണിക്ക് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് അസോസിഷനുമായി ചേർന്ന് നടത്തിയ പദ്ധതിയും വിജയം കണ്ടു. ആകെ 60 പരിചയസമ്പന്നരായ ഉദ്യോഗസ്ഥരായിരുന്നു തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് ഉണ്ടായിരുന്നത്. എരുമേലി സേഫ് സോൺ ചീഫ് കൺട്രോളിങ്ങ് ഓഫീസർ ഷാനവാസ് കരീമിന്‍റെ നേതൃത്വത്തിലായിരുന്നു 66 ദിവസം നീണ്ട സുരക്ഷിത യാത്ര ഒരുക്കിയത്.