സ്കൂള്‍ കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നും ചാടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നവി മുംബൈയിലെ പോഡാർ ഇൻ്റർനാഷണൽ സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. രാവിലെ 7 മണിക്ക് ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് 14 കാരനായ വിദ്യാര്‍ഥി സ്കൂള്‍ കെട്ടിടത്തില്‍ കുട്ടി ചാടിയതെന്ന് എൻആർഐ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്കൂളിന് അരികിലായുള്ള തോട്ടിലേക്കാണ് ചാടിയത്. വിദ്യാര്‍ഥി അഞ്ചാം നിലയിലേക്ക് കയറുന്നതും ചാടുന്നതുമായ ദൃശ്യങ്ങള്‍ സ്കൂളിന്‍റെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികള്‍ രാവിലത്തെ അസംബ്ലിക്കായി ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. കുട്ടി അഞ്ചാം നിലയിലെ കാന്‍റീനിലേക്ക് കയറി ചാടുകയായിരുന്നു. ഗ്രില്ലിലൂടെ കുട്ടി കെട്ടിടത്തിലെ തുറന്ന ഭാഗമായ പാരപ്പറ്റിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്.
കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും എന്‍ആര്‍ഐ പൊലീസ് പറഞ്ഞു. പതിനാലുകാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വാഷിയിലെ മുനിസിപ്പല്‍ ആശുപത്രിയിലേക്ക് മാറ്റി.