ഹൃദയസ്തംഭനം മൂലമുള്ള മരണനിരക്ക് യുവാക്കളില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദഗ്ധ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൃദയസ്തംഭനം മൂലമുള്ള മരണവും ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും കര്‍ണാടകയിലെ യുവാക്കളില്‍ വര്‍ധിക്കുന്നെന്ന വിലയിരുത്തലിലാണ് നീക്കം.
കോവിഡ് രോഗബാധയോ വാക്സീന്‍ പാര്‍ശ്വഫലങ്ങളോ ആണോ ഇത്തരത്തിലൊരു പ്രത്യേക സാഹചര്യത്തിനു കാരണമെന്ന സംശയവും പലയിടത്തുനിന്നായി ഉയരുന്നുണ്ട്. വിഷയത്തില്‍ കൃത്യമായ പഠനവും ഗവേഷണവും നടത്തി റിപ്പോര്‍ട്ടും നിര്‍ദേശവും ഉള്‍പ്പെടെ സമര്‍പ്പിക്കാന്‍ വിദഗ്ധ സംഘത്തിനു നിര്‍ദേശം നല്‍കി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജാറാം തല്ലൂര്‍ മുഖ്യമന്ത്രിക്കയച്ച ഒരു ഇമെയിലാണ് ഇത്തരമൊരു അന്വേഷണത്തിലേക്കും പഠനത്തിലേക്കും സംസ്ഥാനത്തെ കൊണ്ടെത്തിച്ചത്. യുവാക്കളിലുണ്ടാകുന്ന ഹൃദയസ്തംഭനവും മരണവും സാമൂഹിക സാമ്പത്തികാവസ്ഥയുടെ താളം തെറ്റിക്കുന്നതാണെന്ന് രാജാറാം ചൂണ്ടിക്കാട്ടുന്നു.
കോവിഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ പൊതുജനങ്ങള്‍ക്കിടെയില്‍ വര്‍ധിക്കുന്നുണ്ട്, ഇന്നത്തെ യുവാക്കളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോവിഡുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും രാജാറാം പറയുന്നു. വിദഗ്ധ സമിതിയുടെ അന്വേഷണം കൃത്യമായി പരിശോധിക്കാനും ആവശ്യംവേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.